ചാലക്കുടി: ചാലക്കുടിയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസുകളിലെ പ്രതി പിടിയിൽ.
ഈരാറ്റുപേട്ട അയ്യപ്പന്‍തട്ടേല്‍ വീട്ടില്‍ ‘ടാര്സന് മനീഷ് ‘ എന്നറിയപ്പെടുന്ന മനീഷ് മധുവാണ് (39) അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ക്ക് ‘ടാര്സന്’ എന്ന പേരു വീണത്..
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാല്പതിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് ഇയാൾ.
നിലവിൽ അടിമാലി കല്ലാര്‍കുട്ടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
2020 ഡിസംബറിൽ നോര്‍ത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും, ഗോള്‍ഡന്‍ നഗറിലെ വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. വാതിലുകളും ജനലുകളും പൂട്ടി വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ ജനല്‍ പാളി കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തുകയായിരുന്നു.
പോലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോഴാണ് അടി വസ്ത്രം മാത്രം ധരിച്ച ഒരാളുടെ ചിത്രം ലഭിച്ചത്. തുടന്ന് ഇത്തരത്തില്‍ കളവു നടത്തുവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.
സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ ജിനു മോന് തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം.മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ദന് എം.ജെ. ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

