ഇടുക്കി: സുഗതകുമാരി ടീച്ചറിന്റെ ഓര്‍മ്മയില്‍ ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സായാഹ്നം പരിപാടി സംഘടിപ്പിച്ചു. സിവില്സ്റ്റേഷന് വളപ്പില്‍ പൂച്ചെടികള്‍ നട്ടും, കവിതകള്‍ ആലപിച്ചും, നടത്തിയ സ്മൃതിസായാഹ്നത്തിന്റെ ഉദ്ഘാടനം പീരുമേട് തഹ്സീല്‍ദാര്‍ എം. കെ. ഷാജി നിര്‍വഹിച്ചു. വനിതാ കമ്മറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി വി. ആര്. ബീനാമോള്‍ അദ്ധ്യക്ഷയായിരുന്നു.
ആഘോഷിക്കപ്പെടുന്നവരേക്കാള് അവഗണിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച, സുഗതകുമാരി ടീച്ചറിന്റെ കവിതകളിലെ ഉപേക്ഷിക്കുന്ന പെണ്‍കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണുന്ന ഹതാശയായ അമ്മയുടെ നെടുവീര്‍പ്പുകള്‍ ഹൃദയത്തിലേറ്റുവാങ്ങി. രാത്രിമഴയില്‍ മുടിയഴിച്ചിട്ട പിറുപിറുക്കുന്ന ഭ്രാന്തിയെ സന്നിവേശിപ്പിച്ച ആ അമ്മയുടെ കവിതകള്‍ ഉള്‍ക്കൊണ്ട് അവരുടെ സ്മരണകള്‍ പുതുക്കി നിരവധി സാമൂഹ്യ സാംസ്കാരിക രംഗത്തുളളവര്‍ സംസാരിച്ചു. ബീനാമോള്‍ പിഎ, രമ്യ. യു, ജിഷ, നീതു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

