ലണ്ടന്‍: കൊറോണ വൈറസ് ലക്ഷണങ്ങള്‍ ശരീരത്തില്‍ വരാതിരിക്കുമെന്ന് വിശ്വസിച്ച് ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം കുടിച്ച 34കാരനെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ആവശ്യത്തിലധികം വെള്ളം ചെന്നതിനെ തുടര്‍ന്ന് സോഡിയത്തിന്റെ അളവ് കുറയുകയും മരണാസന്നനാവുകയുമായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ യുവാവ് ജീവന് നിലനിര്‍ത്തിയതായാണ് വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.യുകെയിലെ പാച്ച്വേയില് നിന്നുള്ള ലൂക്ക് വില്യംസണ് ആണ് ഡോക്ടര്‍ ദിനേന രണ്ട് ലിറ്റര്‍ വെള്ളം കുടിക്കാന്‍ പറഞ്ഞപ്പോള്‍ 5 ലിറ്ററാക്കി കുടിച്ചത്. തളര്‍ന്ന് വീണ സമയത്ത് ഭാര്യ ലോറ സമീപത്ത് ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എ്ത്തിച്ചതാണ് യുവാവ് രക്ഷപ്പെടാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് വൃക്കയ്ക്ക് ഇരട്ടി ജോലി നല്‍കുന്നതിന് സമാനമാണ്. അമിതമായി വെള്ളം കുടിക്കുന്നത് വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയിലേക്കെത്തിക്കുമെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞ് മയക്കം, ഓക്കാനം തുടങ്ങിയ താല്‍ക്കാലിക ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതാണ് ഉചിതം. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയും അന്തരീക്ഷതാപനിലയും പരിഗണിച്ച് ദാഹം മാത്രം നോക്കാതെ അളവ് നോക്കി വെള്ളം കുടിക്കുന്നതാണ് നല്ലത്. കിടക്കുന്നതിന് മുന്‍പ് കൂടിയ അളവില്‍ വെള്ളം കുടിക്കുന്നത് ഉറക്കം നഷ്ടപ്പെടുന്ന തരത്തില്‍ വാട്ടര്‍ ഇന്‍സോമ്നിയ എന്ന അവസ്ഥയിലേക്കും എത്തിച്ചേക്കാം. ഉറക്കം വരുന്നത് വൈകുകയോ ഇടയ്ക്കിടെയുള്ള മൂത്രശങ്കയുള്പ്പെടെയുള്ള കാരണങ്ങളാല്‍ ഉറക്കം തടസപ്പെടുകയോ ചെയ്തേക്കാം.

