ആലുവ: മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാത്തതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ ആക്രമിച്ചതായി പരാതി. ഭാര്യയുടെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവും മാതാവും ആശുപതിയില്‍ ചികിത്സയിലാണ്. ആലുവ പറവൂര്‍ കവല റോസ് ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി പളളത്ത് വീട്ടില്‍ മുരുകന്റെ ഭാര്യ ലേഖ(48) മകന് അഭിനന്ദ് (27) എന്നിവരെയാണ് ആലുവാ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
2020 ഡിസംബര്‍ 25 വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അഭിനന്ദ് പ്രണയിച്ച വിവാഹം കഴിച്ചതാണ്. മൂന്നു വര്‍ഷം മുമ്പായിരുന്നു വിവാഹം. വീട്ടുകാരുടെ എതിര്‍പ്പോടെയായിരുന്നു വിവാഹം നടന്നത്. മിശ്ര വിവാഹത്തെ എതിര്‍ത്ത യുവതിയുടെ ബന്ധുക്കള്‍ തന്നോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നാണ് യുവാവ് പറയുന്നത്. ഇതിന് കൂട്ടാക്കാത്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നും ഇവര്‍ പറയുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ ബന്ധം ഒഴിയാനുളള രേഖകളില്‍ ഒപ്പിട്ട് നല്‍കണമെന്നാണ് ഭാര്യ വീട്ടുകാരുടെ ആവശ്യം. മൂന്നുവര്‍ഷം മുമ്പ് ഹൈന്ദവാചാരപ്രകാരം വിവാഹിതരായവരാണ് ദമ്പതികള്‍.
ഇതിനടെ യുവതിയെ തിരിച്ചുകൊണ്ടുപോകാന്‍ വീട്ടുകാര്‍ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മലപ്പുറത്തെ ബന്ധുവീട്ടില്‍ തടങ്കലിലായ യുവതി അര്‍ദ്ധരാത്രി രക്ഷപെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ യുവതി ഫോണില്‍ ബന്ധം തുടരുന്നുണ്ട്. . ഭാര്യയുമായി പ്രശ്നങ്ങള്‍ ഇല്ലെന്നാണ് യുവാവ് പറയുന്നത്.
കഴിഞ്ഞ ദിവസം ഭാര്യയുടെ സഹോദരനും മാതാവും സഹോദരിയും ഉള്‍പ്പടെ 11 അംഗ സംഘമാണ് വീട്ടിലെത്തിയിരുന്നത്. സൗഹൃദ സംഭാഷണമായിരുന്നതിനാല് മാതാവ് അഭിനന്ദിനെ ഫോണ്‍ചെയ്ത് വരുത്തി. വീട്ടിലെത്തിയ ഉടന്‍ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ഇജാസ് മര്‍ദ്ദിച്ചെന്നാണ് ലേഖ പറയുന്നത്. പിടിവലിക്കിടെ നിലത്തുവീണ ലേഖയുടെ കൈ ഒടിഞ്ഞു. അഭിനന്ദിന്റെ തലയ്ക്കുപിന്നിലാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ ആലുവാ പോലീസ് ഇജാസിനെ കസ്റ്റഡിയിലെടുത്തു. താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരില്‍ ബന്ധം ഒഴിയണമെങ്കില്‍ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കള്‍ കൊണ്ടുവന്ന പേപ്പറില്‍ ഒപ്പിടില്ലെന്നും അഭിനന്ദ് പറഞ്ഞു. അതേസമയം മതം മാറ്റമാണോ വിഷയമെന്നും മറ്റുപ്രശ്നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.