കർഷക സമരം, കോണ്‍ഗ്രസ് എം പി മാരുടെ രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 24/12/20 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് തങ്ങളുടെ മാര്‍ച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും കര്‍ഷകരോടൊപ്പമുണ്ടെന്നും അറസ്റ്റിലാവുന്നതിന് മുന്‍പ് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സര്‍ക്കാരിനെതിരായ എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രതിഷേധിക്കുന്നവരെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.

മൂന്ന് നേതാക്കളെ മാത്രമേ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിപ്പിക്കുക യുള്ളൂവെന്ന് നിലപാടെടുത്ത പൊലീസ് രാഹുല്‍ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലേക്ക് കയറാനുള്ള അനുമതി നല്‍കിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ഗാന്ധിയുടെ നേൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണാനൊരുങ്ങിയത്.

ഇതിന് പിന്നാലെ വിജയ് ചൗക്കില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര പൊലീസ് തടയുകയായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 29 ദിവസമായി ദല്‍ഹിയില്‍ കര്‍ഷകര്‍ സമരത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →