വിജയവാഡ: ആന്ധ്രയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കിളിൽ ഇരുത്തിയ നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. മരണത്തിനു തൊട്ടു മുമ്പ് യുവതിയുടെ ഫോണിൽ നിന്നും എല്ലാ കോൺടാക്റ്റുകൾക്കും “എന്റെ വാട്ട്സ്ആപ്പ് ഇനി പ്രവർത്തിക്കില്ല. ദയവായി എന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത്” എന്ന മെസേജ് അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രകാശം ജില്ലയിലെ ദശരാജുപള്ളി റോഡിലെ കുളത്തിനടുത്താണ് ഉമ്മാനേനി ഭുവനേശ്വരി(22) എന്ന യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഓങ്കോളിന്റെ പ്രാന്തപ്രദേശത്തുള്ള കമ്മപാലം നിവാസിയായിരുന്നു യുവതി.
നാരായണ സർവകലാശാലയിൽ എംബിഎ പഠിച്ചുകൊണ്ടിരുന്ന ഭുവനേശ്വരി ഗ്രാമ വോളണ്ടിയറായും ജോലി ചെയ്തിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസുകാർ അറിഞ്ഞത്. സിംസ് ആശുപത്രിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്.
ട്രൈസൈക്കിളിന് അടുത്തായി യുവതിയുടെ ഹാൻഡ്ബാഗും ഉണ്ടായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ ഹാൻഡ്ബാഗിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് പെട്രോൾ ക്യാനോ കത്തുന്ന മറ്റേതെങ്കിലും ദ്രാവകമോ പോലീസുകാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൈകീട്ട് 6.49 നാണ് മകളോട് അവസാനമായി സംസാരിച്ചതെന്ന് ഭുവനേശ്വരിയുടെ അമ്മ പോലീസിനോട് പറഞ്ഞു. 30 മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്ന് ഭുവനേശ്വരി അമ്മയോട് പറഞ്ഞിരുന്നു. രാത്രി 7.30 ആയിട്ടും ഭുവനേശ്വരി വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ അമ്മ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
യുവതിയുടെ മൃതദേഹം ട്രൈസൈക്കിളിൽ ഒതുക്കിയിരുന്നെങ്കിലും കൈകൾ ബന്ധിച്ചിട്ടില്ലെന്ന് കേസിലെ ഒരു പോലീസുകാരൻ പറഞ്ഞു. “ഇത് ഒരു കൊലപാതകമാണെന്ന് സംശയിക്കുന്നു. ആദ്യം കൊല്ലപ്പെടുകയും പിന്നീട് തീകൊളുത്തുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.” പോലീസുദ്യോഗസ്ഥൻ പറഞ്ഞു.



