മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന് വേണ്ടി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവാക്കാൻ പാക്കിസ്ഥാന് യു എന്നിന്റെ അനുമതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്കർ ഭീകരനുമായ സാക്കിർ റഹ്മാൻ ലഖ്വിക്കു വേണ്ടി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവാക്കാൻ പാക്കിസ്ഥാന് യു എൻ സുരക്ഷാ കൗൺസിലിൻ്റെ 1267-സാന്ദ്ഷൻ കമ്മറ്റിയുടെ അനുമതി. കമ്മറ്റി മുൻപാകെ ഇമ്രാൻ ഖാൻ സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയിരിക്കുന്നത്.

ലഖ്‌വിയുടെ ഒരു മാസത്തെ ഭക്ഷണത്തിന് 50,000 രൂപയും മരുന്നുകൾക്ക് 45,000 രൂപയും പബ്ലിക് യൂട്ടിലിറ്റി ചാർജുകളായി 20,000 രൂപയും ഗതാഗതസംവിധാനങ്ങൾക്കായി 15,000 രൂപയും അഭിഭാഷക ഫീസായി 20,000 രൂപയുമാണ് പാക്കിസ്ഥാൻ വകയിരുത്തിയിട്ടുള്ളത്.

മുംബൈ ഭീകരാക്രമണത്തിനുശേഷം യു എൻ സുരക്ഷാ കൗൺസിലിൻ്റെ 1267- കമ്മിറ്റി പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട ലഖ്‌വി 2015 മുതൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പാകിസ്ഥാൻ ജയിലിൽ ചെലവഴിച്ച സമയത്തു പോലും ലഖ്വിയ്ക്ക് ലഭിച്ചത് ‘ലക്ഷ്വറി’ സൗകര്യങ്ങളായിരുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ആയിരുന്നപ്പോൾ തന്നെ ലഖ്വി ഒരു കുട്ടിയുടെ പിതാവും ആയി.

തീവ്രവാദ ബന്ധമുള്ള ന്യൂക്ലിയർ സയന്റിസ്റ്റ് മഹമൂദ് സുൽത്താൻ ബഷീറുദ്ദീന് പ്രതിമാസം പണം നൽകണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥനയ്ക്കും 1267- കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ ആറ്റോമിക് എനർജി കമ്മീഷനിൽ ജോലി ചെയ്തിരുന്ന ബഷീറുദ്ദീൻ അഫ്ഗാനിസ്ഥാനിൽ ഒസാമ ബിൻ ലാദനെയും സന്ദർശിച്ചിരുന്നു. നവാസ് ഷെരീഫിന്റെ സർക്കാർ അദ്ദേഹത്തെ സീതാര-ഇ-ഇംതിയാസ് (പാകിസ്ഥാനിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതി) നൽകി ആദരിച്ചിരുന്നു.

ബഷീറുദ്ദീന് അടിസ്ഥാന ചെലവുകൾക്കായി പ്രതിമാസം 1.5 ലക്ഷം രൂപ നൽകാനാണ് പാകിസ്ഥാൻ ഉദ്ദേശിക്കുന്നതെന്ന് പാക്- സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണത്തിന് 60,000 രൂപ, മരുന്നുകൾക്ക് 60,000 രൂപ, പബ്ലിക് യൂട്ടിലിറ്റി ചാർജായി 20,000 രൂപ, ഗതാഗതത്തിന് 10,000 രൂപ എന്നിങ്ങനെയാണ് ബഷീറുദ്ദീന് ചെലവിനത്തിൽ അനുവദിക്കപ്പെട്ട തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →