രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടില്ല; അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന് വീട്ടമ്മ മരിച്ചു

തൃശൂർ: രക്ഷാപ്രവർത്തകർ കണ്ടെത്താതെ അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന വീട്ടമ്മ മരിച്ചു.തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോടാണ് ദാരുണസംഭവം.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരശേരി സ്വദേശി സന്ധ്യ (33) ആണ് മരിച്ചത്.കൂടെയുള്ളവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ വാഹനത്തിനിടയിൽ കുരുങ്ങി കിടക്കുകയായിരുന്നു സന്ധ്യ.

8-12-2020 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വടക്കാഞ്ചേരിക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയില്‍ സന്ധ്യയ്ക്കൊപ്പം 12കാരനായ മകന്‍ നിവേദും ഉണ്ടായിരുന്നു. കൂട്ടിയിടിച്ച്‌ മറിഞ്ഞ ഓട്ടോയില്‍ നിന്നും നിവേദിനെയും ഡ്രൈവര്‍ കാഞ്ഞിരശേരി സ്വദേശി സുബ്രഹ്മണ്യനെയും പരിക്കുകളോടെ ഓടിക്കൂടിയ നാട്ടുകാര്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടു പോയ സന്ധ്യയെ രക്ഷാപ്രവർത്തകർ കണ്ടില്ല.

അപകടം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ
ആശുപത്രിയില്‍ വച്ച്‌ സുഹൃത്തിനെ വിളിച്ച്‌ ഓട്ടോറിക്ഷയില്‍ കുറച്ച്‌ പണം ഉണ്ടെന്നും അതെടുക്കണമെന്നും പറഞ്ഞു. പണം എടുക്കാനായി അപകസ്ഥലത്തെത്തിയ ഡ്രൈവറുടെ സുഹൃത്ത് വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഓട്ടോയുടെ അടിയില്‍പ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തുന്നത്.

ഇതിനിടെ പരിക്കേറ്റ കുട്ടിയും അമ്മയെ അന്വേഷിച്ചു. ഇതോടെ മറ്റുള്ളവരും സംഭവസ്ഥലത്ത് എത്തി. തുടര്‍ന്ന് യുവതിയെ വാഹനത്തിന്‍റെ അടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →