കൊല്ലം: ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കഴിയുമെങ്കില്‍ ഒരു പേന കൂടി കരുതണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ബാധ തടയുന്നതിന്റെ മുന്നൊരുക്കമായാണിത്. പോളിംഗ് ബൂത്തില്‍ പേന ഉണ്ടെങ്കിലും അത് ഒരു വോട്ടര്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് നല്‍കാനാവില്ല അങ്ങനെ പേനകള്‍ നശിപ്പിച്ചു കളയുന്ന സാഹചര്യം കൂടി ഒഴിവാക്കാനാണ് പേനയുമായി എത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സാനിറ്റെസര്‍ കൊണ്ട് കഴുകണം. വോട്ടറെ തിരിച്ചറിയാന്‍ വേണ്ടി മാസ്‌ക് താഴ്ത്തണമെങ്കില്‍ മാത്രം മാസ്‌ക് താഴ്ത്തിയാല്‍ മതി. വോട്ടര്‍മാര്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ചു വേണം വോട്ട് ചെയ്യാന്‍. പ്രത്യേകതകള്‍ നിറഞ്ഞ ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിച്ച് വോട്ടു ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9390/Kerala-Local-Body-Election-2020.html