വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ സിന്‍ജിയാങ് പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്‌സില്‍ നിന്ന് പരുത്തി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് യുഎസ് ബുധനാഴ്ച നിരോധിച്ചു. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കില്ലെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെന്‍ കുച്ചിനെല്ലി പറഞ്ഞത്.
30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്. പരുത്തി, തലമുടികൊണ്ടുള്ള വസ്തുക്കള്‍, കംപ്യൂട്ടര്‍ ഭാഗങ്ങള്‍, ചില തുണിത്തരങ്ങള്‍ എന്നീ അഞ്ച് വിഭാഗത്തില്‍പ്പെട്ട വസ്തുക്കള്‍ക്ക് നേരത്തെയും യുഎസ്് നിരോധനം കൊണ്ടുവന്നിരുന്നു. ചൈന നടത്തുന്നത് ആധുനിക കാലത്തെ അടിമത്ത വ്യവസായങ്ങളാണ്. അനധികൃതമായ അടിമവേലയാണ് ചൈന നടത്തുന്നത്.അമേരിക്കയിലേക്ക് ചൈന ഇത്തരം ഉല്‍പ്പന്നങ്ങള്‍ കയറ്റിഅയക്കുകയാണ്. തങ്ങളുടെ സപ്ലൈ ശൃംഖലയിലേക്ക് ചൈന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലെ തൊഴില്‍-വ്യാപാര സംസ്‌ക്കാരങ്ങള്‍ക്ക് എതിരാണെന്നും വ്യവസായ വകുപ്പറിയിച്ചു. അമേരിക്ക ഇനി സ്വന്തം വ്യവസായങ്ങള്‍ക്കും നയങ്ങള്‍ക്കും പിന്തുണ കിട്ടുന്ന ഇറക്കുമതി-കയറ്റുമതി നയം മാത്രമേ നടപ്പാക്കൂ എന്നും പ്രസ്താവനയിലുണ്ട്. ആഗോള തലത്തിലെ മനുഷ്യാവകാശ സംരക്ഷണത്തില്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.

