ഉര്‍ദുഗാനെതിരായ അട്ടിമറി: നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി

ഇസ്താംബൂള്‍: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ 2016ല്‍ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഇരട്ടജീവപര്യന്തമാണ് ഭൂരിഭാഗം പേര്‍ക്കും കോടതി വിധിച്ചത്. അട്ടിമറി ശ്രമത്തിനായുള്ള ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. 2016 ജൂലൈ 15ന് അട്ടിമറി ശ്രമം നടന്ന രാത്രി ഉര്‍ദുഗാനും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഒരുകൂട്ടം പട്ടാളക്കാര്‍ ഇരച്ചുകയറുകയായിരുന്നു. അവരില്‍നിന്ന് തലനാരിഴക്കാണ് ഉര്‍ദുഗാന്‍ രക്ഷപ്പെട്ടത്. ആക്രമണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് അദ്ദേഹം ഹോട്ടല്‍ വിട്ടിരുന്നു. 10 മിനുട്ടുകൂടി ഹോട്ടലില്‍ തങ്ങിയിരുന്നെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് ഉര്‍ദുഗാന്‍ പിന്നീട് പറയുകയുണ്ടായി.

2016 ജൂലൈ 15നാണ് അങ്കാറയിലെ എയര്‍ബേസിനടുത്ത് സര്‍ക്കാരിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നത്. പ്രതിഷേധത്തിനായെത്തിയ 500 ലധികം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും പൊലീസുദ്യോഗസ്ഥരും സാധാരണക്കാരുമായിരുന്നു. ഒരു കാലത്ത് എര്‍ദോഗന്‍ പക്ഷത്തായിരുന്ന അമേരിക്കന്‍ വംശജനായ മുസ്ലിം മതപ്രഭാഷകനായ ഫത്തുല്ല ഗെലനെയാണ് അട്ടിമറി ശ്രമത്തിന് ഉത്തരവിട്ടതായി ആരോപിക്കപ്പെടുന്നത്. പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ വിചാരണ തുര്‍ക്കിയില്‍ പുരോഗമിക്കുകയാണ്. ഉര്‍ദുഗാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ പെടും. അട്ടിമറിയുമായി ബന്ധപ്പെട്ട് അരലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുര്‍ക്കി ജയിലുകള്‍ അട്ടിമറിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിചാരണ കാത്ത് ആയിരക്കണക്കിന് ആളുകളാണ് ജയിലില്‍ കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →