ഇരിട്ടി: നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഗൊഗോയിക്ക് വീട് നിര്‍മിച്ചു നൽകുമെന്ന് സുരേഷ് ഗോപി എം.പി. അസമില്‍നിന്ന് ഇരിട്ടിയുടെ മരുമകളായി എത്തിയ മുൺമി ഭർത്താവിനൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് താമസിക്കുന്നത്.
മുണ്മിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വീട് വെച്ച് നൽകാൽ സന്നദ്ധത അറിയിക്കുകയായിരുന്നു സുരേഷ് ഗോപി എം.പി.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇതിനായുള്ള സാമ്പത്തിക സഹായം കൈമാറുന്നത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ സജേഷ് ഏഴു വര്‍ഷം മുമ്പാണ് ഇവരെ വിവാഹം കഴിക്കുന്നത്.
സ്ഥാനാർത്ഥിക്ക് ഇപ്പോൾ അസമീസിനും ഹിന്ദിക്കും പുറമേ മലയാളവും അനായാസം സംസാരിക്കാനാവും.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ്, വൈസ് പ്രസിഡന്റ് സി. ബാബു, സെക്രട്ടറി പ്രിജേഷ് അളോറ, മനോഹരന് വയോറ എന്നിവര്‍ തിങ്കളാഴ്ച ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി മുണ്മിയേയും ഭര്‍ത്താവ് സജേഷിനെയും വിവരം അറിയിച്ചു.

