ജയ്പൂര്‍ ജനുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് നിയമസഭയും പ്രമേയം കൊണ്ടുവരുന്നു. രാജസ്ഥാന് നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും പഞ്ചാബും ഇതിനകം പ്രമേയം പാസാക്കിയിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയ്യാറാകണമെന്നും സച്ചിന് ആവശ്യപ്പെട്ടു. നിയമത്തിനെ സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബജറ്റ് സെഷനില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം രാജസ്ഥാന് നിയമസഭ പാസാക്കും. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആകുലതകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.