തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിവാദമായ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇഡി ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി. കേന്ദ്ര ഏജന്‍സിയെ വിമര്‍ശിക്കുന്ന ശബ്ദരേഖയാണിത്. എന്നാല്‍ ഇത് സ്വപ്‌നയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യത്തില്‍ അന്വേഷണം നടത്താന്‍ പോലീസും തയ്യാറായിട്ടില്ല.
തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്‌നയുടെ മൊഴി. പ്രാഥമികാന്വേഷണത്തിന് ശേഷം ജയില്‍ ഡിഐജി പറഞ്ഞത് ശബ്ദം സ്വപ്‌നയുടെ തന്നെയാണെന്നാണ് . എന്നാല്‍ അദ്ദേഹം ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ശബ്ദം സ്വപ്‌നയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ്.
എപ്പോള്‍ ആരോട് പറഞ്ഞുവെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പോലീസ് അന്വേഷണത്തിലൂടെയേ ഉറപ്പിക്കാന്‍ കഴിയുകയുളളു . എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലീസ് തയ്യാറായില്ല. വ്യാജ ശബ്ദരേഖയെന്ന് സ്വപ്‌നയോ ജയില്‍ വകുപ്പോ പറയാത്തതിനാല്‍ ശബ്ദരേഖ പുറത്തായതില്‍ കുറ്റകൃത്യമില്ല. ആയതിനാല്‍ എജിയുടെ നിയമോപദേശം ലഭിച്ചാല്‍ മാത്രം നടപടിയെന്ന് പറഞ്ഞ് പോലീസ് കൈമലര്‍ത്തുകയായിരുന്നു.

