നിര്‍ഭയകേസ്: വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. പ്രതികളുടെ ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളായ മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത, എന്നിവരെ ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.

പ്രതികളുടെ തൂക്കത്തിനനുസരിച്ച് കല്ലുകളും മറ്റും നിറച്ചാണ് ഡമ്മികള്‍ നിര്‍മ്മിച്ചത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ നാല് പേരെ ഒരേസമയം തൂക്കിലേറ്റാന്‍ പോകുന്നത്. രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമാണ് ജയിലില്‍ ഉണ്ടായിരുന്നത്. നിര്‍ഭയകേസില്‍ കോടതി മരണവാറന്റ്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നാല് പ്രതികളുടെയും വധശിക്ഷ ഒരേസമയം നടപ്പാക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു.

പ്രതികളെ അതീവ സുരക്ഷാസെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം ബന്ധുക്കളെ കാണാന്‍ ഇവര്‍ക്ക് അവസരം നല്‍കുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജികള്‍ തള്ളിയാല്‍ അവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തൂക്കിലേറ്റുന്നതിന് മുന്‍പ് ഒരു തവണ മാത്രമായിരിക്കും ബന്ധുക്കളെ കാണാന്‍ ഇവരെ അനുവദിക്കുകയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →