ബംഗളുരു: ചില കോവിഡ് -19 രോഗികൾക്ക് വയറുവേദനയടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് പഠനം. ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ മാത്രമേ ചില കോവിഡ് രോഗികൾ കാണിക്കുന്നുള്ളൂവെന്ന് റേഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട് പറയുന്നു. 2020 ജൂലൈ മുതൽ ലോകമെമ്പാടും നടന്ന 36 പഠനങ്ങളിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
ബംഗളുരു മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി, ഫോർട്ടിസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 20 രോഗികളിൽ നാല് കേസുകൾ ഇത്തരത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ചിലരിൽ മഞ്ഞപ്പിത്തം, പാൻക്രിയാസ് തകരാറുകൾ എന്നിവയും കാണുന്നുണ്ട്.
“ ആദ്യം ഞങ്ങളുടെ മുന്നിലേക്ക് ബലഹീനതയും വിശപ്പ് കുറവും ഉള്ള രോഗികളാണ് വന്നത്, അവരിൽ കൊറോണയാണെന്ന് സംശയിക്കാവുന്ന യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ജലദോഷം, ചുമ, പനി തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുടെ ലക്ഷണങ്ങളൊന്നുമില്ല. ചിലർക്ക് ഛർദ്ദി ഉണ്ടായിരുന്നു. രോഗികളിൽ ഒരു വിഭാഗത്തിന് അയഞ്ഞ ചലനങ്ങളും വയറുവേദനയും ഉണ്ടായിരുന്നു, പക്ഷേ ശ്വസന പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങൾ കൂടുതൽ രോഗികളെ ചികിത്സിക്കാൻ തുടങ്ങിയപ്പോൾ, 60% മുതൽ 70% വരെ ഇത്തരം രോഗികൾ കോവിഡിന് പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ എൻഡോസ്കോപ്പി ആവശ്യമുള്ള ഏതൊരു രോഗിയോടും ആർടി പിസിആർ പരിശോധന നടത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട് ”സെന്റ് മാർത്ത ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും കെംഗേരിയിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. പ്രവീൺ കുമാർ പറഞ്ഞു.
“ കടുത്ത ക്ഷീണം, ബലഹീനത, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, വയറിളക്കം എന്നിവയുമായാണ് പലരും ആശുപത്രിയിൽ എത്തുന്നത്. ചിലർ മഞ്ഞപ്പിത്തം, പാൻക്രിയാസ് വീക്കം എന്നിവയുമായാണ് വരുന്നത്. ഞങ്ങൾ അവ പരിശോധിക്കുമ്പോൾ, മിക്കതും കോവിഡ് പോസിറ്റീവ് ആണെന്ന് മനസിലാകുന്നു. ”ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി ഡയറക്ടർ ഡോ. എസ്. രവീന്ദ്ര പറയുന്നു.
“ചില സമയങ്ങളിൽ കോവിഡ് രോഗികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടാകാം. വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നു, പക്ഷേ ചില രോഗികൾക്ക് അത് കുടലിനെയും ബാധിക്കുന്നു. ഇത് വൈറൽ അണുബാധയുടെ ഒരു തുടർച്ചയാണ്. ”
പിഎംഎസ്എസ്വൈ ആശുപത്രിയിലെ ശസ്ത്രക്രിയാ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. എൻ. എസ്. നാഗേഷ് പറഞ്ഞു.

