വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 03-11-2020, ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് തണ്ടർബോൾട്ട് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടത്. ഒറീസയിലെ ആയുധഫാക്ടറി കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയാണ് വേല്മുരുകന്. കാട്ടിൽ വച്ച് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മാവോയിസ്റ്റ് ആക്രമിക്കാൻ ചെന്നപ്പോൾ തണ്ടർബോൾട്ട് ആത്മരക്ഷാർത്ഥം വെടിയുതിർത്തതെന്ന് പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. പോലീസില് ആർക്കും പരിക്കില്ല.
മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് തണ്ടർബോൾട്ട് തെരച്ചിൽ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ തന്നെ തണ്ടർബോൾട്ടിൻറെ മുമ്പിൽ പെട്ട മാവോയിസ്റ്റുകളുടെ കീഴടങ്ങാൻ ആവശ്യപ്പെട്ടു എങ്കിലും കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഇതോടെ ആത്മരക്ഷാർത്ഥം തണ്ടർബോൾട്ട് വെടിവെച്ച് ഒരാളെ വീഴ്ത്തുകയാണ് ഉണ്ടായത് എന്നാണ് പോലീസ് ഭാഷ്യം, കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
ഏകപക്ഷീയമായാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് പോരാട്ടം പ്രവർത്തകർ പറയുന്നത്. വിവരങ്ങൾ അറിയുവാനും റിപ്പോർട്ട് ചെയ്യുവാനുമായി എത്തിയ മാധ്യമ പ്രവർത്തകരെ കാടിനുള്ളിലേക്ക് കടക്കുവാൻ സമ്മതിച്ചില്ല. എട്ട് മണിക്കൂറോളം പ്രവേശനം നിഷേധിച്ചതിൽ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തുന്നതിനെ തടഞ്ഞു. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കി. ഔദ്യോഗിക സ്ഥിതീകരണമോ വിശദീകരണമോ അധികൃതരിൽ നിന്ന് ലഭിച്ചില്ല.

