കോഴിക്കോട്: കോഴിക്കോട് രാജാജി റോഡില്‍ പുതിയ ബസ്റ്റാന്റിന് സമീപം എസ്ക്കലേറ്റര്‍ കം ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ പണികള്‍ അവസാന ഘട്ടത്തില്‍ . മിനുക്കുപണികള്‍മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. 2020 നവംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം നര്‍വഹിക്കും.
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡിലെ ഗതാഗത തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് എസ്ക്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചത്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷനാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്.എസ്ക്കലേറ്ററിന് പുറമേ ലിഫ്റ്റും പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ട്.
11.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മേല്‍പ്പാലത്തിന് 25.37 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുണ്ട്. ഉയരം 6.5 മീറ്ററാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മേല്‍ നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാ്ക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷത്തേക്ക് പരിപാലന ചുമതല കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍.
രാജാജി റോഡിന് മുകളിലൂടെ നടപ്പാലത്തിലൂടെ പുതിയ ബസ്റ്റാന്റിലേക്കും തിരിച്ചും ഇറങ്ങാനും കയറാനും സാധിക്കും. മേല്ക്കൂരയുണ്ട്. ലിഫ്റ്റില്‍ ഒരേസമയം 13 പേര്‍ക്ക് കയറാനുളള സൗകര്യമുണ്ട്. എസ്ക്കലേറ്ററില്‍ മണിക്കൂറില്‍ 11,700 പേര്‍ക്ക് പോകാനാകും.
കോവിഡ് പ്രതിസന്ധിയില്‍ എസ്ക്കലേറ്റര്‍ നിര്‍മ്മിക്കുന്ന കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംബിച്ചിരുന്നു. വളരെയധികം വെല്ലുവിളകളെ അതിജീവിച്ചാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

