പട്ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ചിലർ ജയ് വിളിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
സരണ്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നിതീഷ് കുമാറിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ ആളുകളില്‍ ഒരു ഭാഗം ലാലു പ്രസാദ് യാദവിന് ജയ് വിളിച്ചത്.
ലാലു സിന്ദാബാദ് എന്നായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം. നീതീഷ് കുമാര്‍ വേദിയില്‍ നില്‍ക്കവെയാണ് ഒരു വിഭാഗം ഉറക്കെ ലാലു പ്രസാദിന് ജയ് വിളിച്ചത്. ഈ ജയ് വിളിയിൽ ക്ഷുഭിതനായ നിതീഷ് ‘എന്താണ് നിങ്ങൾ പറയുന്നത് ‘ എന്ന് മൂന്നു തവണ ചോദിച്ചു.
വേദിയില്‍ നിതീഷ് കുമാറിനൊപ്പം ആര്.ജെ.ഡി വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്ന ചന്ദ്രിക റായിയും ഉണ്ടായിരുന്നു. നിതീഷ് ക്ഷുഭിതനായ ഉടൻ ജെ.ഡി.യു പ്രവര്‍ത്തകര്‍ ലാലുവിനെതിരെയും മുദ്രാവാക്യം മുഴക്കി. കാലിത്തീറ്റ കളളൻ എന്ന് വിളിച്ചു പറയുന്നതും കേൾക്കാമായിരുന്നു.
ബീഹാറില്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ലാലുപ്രസാദ് യാദവില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

