റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ്

ന്യൂ ഡൽഹി: റെയിൽവേയിൽ  അർഹരായ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. ഗസറ്റഡ് പദവി ഇല്ലാത്ത 11.58 ലക്ഷം റെയിൽവേ ജീവനക്കാർക്ക് (ആർപിഎഫ് / ആർപി എസ്എഫ് ഉദ്യോഗസ്ഥർ ഒഴികെ ) തീരുമാനത്തിന്റെ  പ്രയോജനം ലഭിക്കും.2019-2020 സാമ്പത്തിക വർഷത്തിലേതാണ്  ബോണസ്.  ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകുന്നതിന്  ഏകദേശം 2081.68 കോടി രൂപ വേണ്ടിവരും എന്ന് കണക്കാക്കപ്പെടുന്നു. റെയിൽവേയിലെ എല്ലാ ഗസറ്റഡ് ഇതര  ജീവനക്കാർക്കും 78 ദിവസത്തെ വേതനത്തിന്  തുല്യമായ തുക ബോണസായി നൽകാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ  ശുപാർശയ്ക്ക് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. എല്ലാവർഷവും പൂജ/ദസറ അവധിക്ക് മുന്നോടിയായി റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാറുണ്ട്. ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസായതിനാൽ  റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് ഇത് പ്രചോദനമേകുന്നു.  കോവിഡ്  19 മൂലം ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഈ വർഷവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കവും ശ്രമിക് പ്രത്യേക ട്രെയിനുകളും ഉൾപ്പെടെ റെയിൽവേ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Share
അഭിപ്രായം എഴുതാം