മഥുര: രാമജന്മഭൂമി തർക്കത്തിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശില്‍ കൃഷ്ണജന്മഭൂമിയുടെ പേരിലും തർക്കം. മഥുരയിലെ കൃഷ്ണജന്മഭൂമിയെന്ന് സങ്കൽപിക്കുന്ന ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്മഭൂമിയിലാണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹർജി മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. ഹർജി തള്ളിയ പശ്ചാത്തലത്തില്‍ പരാതിക്കാര്‍ അപ്പീലിന് പോവുകയായിരുന്നു. കേസില്‍ അടുത്ത പതിനെട്ടിന് വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി സാധന റാണി ഠാക്കൂര്‍ പറഞ്ഞു.
ഈദ് ഗാഹ് മസ്ജിദ് എന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്നത് കൃഷ്ണജന്മഭൂമിയായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13 ഏക്കര്‍ വരുന്ന സ്ഥലത്തിനുള്ളില്‍ ആണെന്നും അവിടെ നിന്നും പളളി നീക്കം ചെയ്യണമെന്നുമായിരുന്നു ഹർജിയില്‍ പറഞ്ഞിരുന്നത്.
രജ്ഞന അഗ്നിഹോത്രിയും മറ്റ് ഏഴ്‌പേരും ചേര്‍ന്നാണ് ഹർജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
നിലവില്‍ പള്ളിയും ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി മഥുരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചിലർ ശ്രമിക്കുകയാണ് എന്ന് അഖില ഭാരതീയ തീര്‍ഥ് പുരോഹിത് മഹാസഭ ആരോപിച്ചിരുന്നു.

