തിരുവനന്തപുരം: നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെതിരെ പുതിയ ഒരു കേസു കൂടി കസ്റ്റംസ് രജിസ്റ്റർ ചെയ്തതായി സൂചന. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ഡോളർ കടത്തിയതായാണ് പുതിയ കേസ്. സ്വപ്നയുടെ വിദേശ സഞ്ചാരങ്ങളെ കുറിച്ചും സ്വപ്നയുടെ കൂടെ വിദേശത്ത് സന്ദർശനം നടത്തിയവരെ കുറിച്ചുമുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ വീണ്ടുംചോദ്യം ചെയ്യാൻ വെളളിയാഴ്ച (16/10/20) വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവശങ്കരൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശിവശങ്കരൻ സ്വപ്നയുടെ കൂടെ നടത്തിയ അനൗദ്യോഗിക വിദേശ സഞ്ചാരങ്ങളെ കുറിച്ചാണ് കസ്റ്റംസ് അദ്ദേഹത്തിൽ നിന്നും അറിയാൻ ശ്രമിക്കുന്നത് എന്നാണ് സൂചന.

