ബർലിൻ: ഉത്തരധ്രുവത്തിലെ വിദൂര ഭാഗങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട അന്താരാഷ്ട്ര ഗവേഷക സംഘം ഒരു വർഷം നീണ്ടുനിന്ന ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തിരിച്ചു വന്നു. ശാസ്ത്രജ്ഞ സംഘത്തിൻ്റെ ‘ഐസ്ബ്രേക്കർ ‘ എന്ന കപ്പൽ ജർമ്മനിയിലെ സ്വന്തം തുറമുഖത്തേക്ക് ഒടുവിൽ മടങ്ങിയെത്തി. വരാനിരിക്കുന്ന ദശകങ്ങളിൽ കാലാവസ്ഥാ വ്യതിയാനം എത്തരത്തിലായിരിക്കും ഭൂഗോളത്തെ ബാധിക്കുക എന്നതിനെ കുറിച്ച് കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രലോകത്തെ സഹായിക്കുന്ന നിരവധി ഡാറ്റകൾ ശേഖരിച്ചു കൊണ്ടാണ് സംഘത്തിൻ്റെ തിരിച്ചു വരവ് .
“ അടിസ്ഥാനപരമായി ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം ഞങ്ങൾ ചെയ്തു” പര്യവേഷണ സംഘത്തിന്റെ ഡയറക്ടർ മർകസ് റെക്സ് പറഞ്ഞു. “ധ്രുവക്കരടികളെ അലാറങ്ങളാൽ അകറ്റി നിർത്തിയ ഒരു ചെറിയ ശാസ്ത്രഗ്രാമം ഞങ്ങൾ അവിടെ സൃഷ്ടിച്ചു.ആർടിക് മഞ്ഞിൻ്റെയും, ജലത്തിൻ്റെയും ഒരുപാട് സാമ്പിളുകൾക്കൊപ്പമാണ് ഞങ്ങൾ തിരിച്ചെത്തിയത്” ജർമ്മനിയിലെ ആൽഫ്രഡ് വെഗനർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ റെക്സ് പറഞ്ഞു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ശാസ്ത്രജ്ഞർ പര്യവേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 177 മില്യൺ ഡോളറായിരുന്നു ചെലവ്.
ആഗോളതാപനത്തിന്റെ കൂടുതൽ കൃതമായ മാതൃകകൾ രൂപീകരിക്കാൻ, ശേഖരിച്ച വിവരങ്ങൾ ഉപയോഗപ്രദമാകും എന്നാണ് കരുതുന്നത്. ആർട്ടിക് പ്രദേശത്ത്, ഭൂമിയിലെ മറ്റെവിടെയുള്ളതിനെക്കാളും വേഗത്തിലാണ് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
“ആർട്ടിക് സമുദ്രത്തിലെ ഐസ് നേർത്ത് നേർത്ത് ഇല്ലാതാകുന്നത് ഞങ്ങൾ നേരിട്ട് കണ്ടു,” ഡോ.റക്സ് പറയുന്നു. ആർട്ടിക് സമുദ്രത്തിൽ ഐസില്ലാത്ത വേനൽക്കാലം ഏറെ വൈകാതെ ഉണ്ടാകും. ഇത് പ്രദേശത്തെ തദ്ദേശീയ സമൂഹങ്ങളെ മാത്രമല്ല ബാധിക്കുക. ഈ ഗ്രഹത്തിന്റെ തണുപ്പിക്കൽ സംവിധാനത്തെയാകെ അത് തകർക്കും. ഭാവിതലമുറക്കായി അത് സംരക്ഷിക്കാൻ നമ്മൾ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

