ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത് കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തളളിയ ഉത്തരവ് പുനഃപരിശോധിക്കണമന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുളള അപേക്ഷയും നല്‍കിയിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ബലാല്‍സംഗ കേസിന്‍റെ വിചാരണ സ്റ്റേ ചെയ്യണമെന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയോടാവശ്യപ്പെട്ടു.
2020 ഓഗസ്റ്റ് 5 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് എസ് ബോബ്‌ഡേ, ജസ്റ്റീസുമാരായ എഎസ് ബൊപ്പണ്ണ , വി രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിയെയാണ് പുനഃപരിശോധനാ ഹര്‍ജി. വസ്തുതാപരമായ പലകാര്യങ്ങളും പറയാനുണ്ടെന്ന്ഫ്രങ്കോ മുളക്കലിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകള്‍ റോത്തഗി അന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും വിശദമായ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.
2013 മുതല്‍ മറ്റൊരു പളളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നെന്നും അതില്‍ പരാജയപ്പെട്ടുവെന്നുമാണ് ഫ്രാങ്കോ മുളക്കലിന്റെ വാദം. 2017ല്‍ കന്യാസ്ത്രീക്കെതിരെ ചില പരാതികള്‍ ലഭിക്കുകയും ഇതില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉളള പ്രതികാരമാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തുളള കന്യസ്ത്രീയുടെ പരാതിയെന്നും,ഫ്രാങ്കോ മുളക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു. സീറോ മലബാര്‍ സഭക്ക് ഒപ്പം ചേര്‍ന്ന കന്യാസ്ത്രീ ലത്തീന്‍ സഭയുടെ താല്‍പ്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342, 376(2) (കെ), 376(2)(എന്‍), 376(സി) (എ),377, 506(2) എന്നീ വകുപ്പുകള്‍ പ്രകാരം ആണ് ഫ്രാങ്കോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന്ത്. എന്നാല്‍ ജലന്ധര്‍ ബിഷപ്പ് എന്ന നിലയില്‍ കന്യസ്ത്രിക്ക് മേല്‍ ഒരധികാരവുമില്ല അതിനാല്‍ തന്നെ 376(2)(കെ) ,376(2)എന്‍, 376 സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് ന്യായീകരണമില്ലെന്നാണ് ഫ്രങ്കോ മുളക്കലിന്‍റെ വാദം.
സുപ്രീം കോടതി ചട്ടപ്രകാരം പുനഃപരിശോധനാ ഹര്‍ജി ആദ്യം ചേമ്പറിലാണ് ലിസ്റ്റ് ചെയ്യുക . തുടര്‍ന്ന് ബെഞ്ചിന്റെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യുകയുളളു.

