ന്യൂഡല്‍ഹി: രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാന്‍ സാധിക്കുന്ന ആര്‍ടി-പിസിആര്‍ കിറ്റ് വികസിപ്പിച്ച് റിലയന്‍സ് ലൈഫ് സയന്‍സസ്. നിലവില്‍, കൊവിഡ് കണ്ടെത്തലിനായുള്ള റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റിന്റെ ഫലം കണ്ടെത്താന്‍ കുറഞ്ഞത് 24 മണിക്കൂര്‍ വേണം.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ലൈഫ് സയന്‍സസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജിസ്റ്റുകള്‍, ഇന്ത്യയിലെ സാര്‍സ്-കോവ് -2വിന്റെ നൂറിലധികം ജീനോമുകള്‍ വിശകലനം ചെയ്യുകയും സവിശേഷമായ ആര്‍ടി-പിസിആര്‍ പ്രൈമറുകള്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. റിലയന്‍സ് ലൈഫ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ കിറ്റിന്റെ പേര് ആര്‍-ഗ്രീന്‍ കിറ്റ് എന്നാണ്. ഐസിഎംആര്‍ കിറ്റ് രൂപകല്‍പ്പനയെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.അതേസമയം, ഇത് ഉപയോഗിക്കാന്‍ ലളിതമാണെന്നും ഇന്ത്യയില്‍ സമന്വയിപ്പിക്കാന്‍ കഴിയുന്ന എളുപ്പത്തില്‍ ലഭ്യമായ ലളിതമായ റിയാക്ടറുകളും പ്രൈമറുകളും കിറ്റില്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രോഗനിര്‍ണയ സമയം ഏകദേശം 2 മണിക്കൂറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

