ബിനീഷ് കൊടിയേരിയുടെ ആസ്തി വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘത്തിന് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി. ഉന്നതതല ഇടപെടൽ മൂലമാണ് വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പ് മടിക്കുന്നതെന്ന് ആരോപണം

മൂന്നാഴ്ച പിന്നിട്ടിട്ടും ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ ശേഖരിക്കുകയാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് വകുപ്പ് ഉദ്യോഗസ്ഥർ .

2020 സെപ്തംബറിലാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി നടപടി ഉണ്ടാകുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. 11-9‌- 2020ൽ കത്ത് നൽകി 21 ദിവസം കഴിയുമ്പോഴും വിവരങ്ങൾ നൽകാൻ രജിസ്ട്രേഷന്‍ വകുപ്പ് തയാറായില്ലെന്നാണ് ആരോപണം.

നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് ഇ.ഡി വീണ്ടും ആവശ്യപ്പെടും. യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്തെന്ന് ഇ ഡി സംശയിക്കുന്നതിനെ തുടർന്നാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നത്.

ഇഡിയ്ക്ക് വിവരം നൽകേണ്ട രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഓൺലൈൻ സൗകര്യമുണ്ട്. അതിനാൽ ഇനിയും വൈകിയാൽ എന്‍ഫോഴ്സ്മെന്‍റ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

ബിനീഷിന്‍റെ ആസ്തികളിന്മേല്‍ ക്രയവിക്രയം നടത്തരുതെന്ന ഇ.ഡി നിര്‍ദ്ദേശത്തിന് നിയമസാധുതയില്ല എന്നാണ് നിയമ വിദഗ്ധർ നൽകുന്ന സൂചന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →