വീട്ടമ്മ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കീഴ്‌ക്കോടതി: വീട്ടമ്മയുടേത് കുടുംബത്തിലെ സപ്രധാന ജോലിയെന്ന് വ്യക്തമാക്കി ഉത്തരവ് തള്ളി ഹൈക്കോടതി

മുംബൈ: ജോലി ഇല്ലാത്ത വീട്ടമ്മ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് തള്ളി ഹൈക്കോടതി. സമൂഹം കൃത്യമായി പരിഗണന നല്‍കാത്ത ജോലിയാണ് വീട്ടമ്മമാരുടേതെന്നും എന്നാല്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കുടുംബത്തില്‍ ഏറ്റവും പ്രാധാന്യമേറിയതും അവരാണെന്നും നിരീക്ഷിച്ച് കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.

മഹാരാഷ്ട്രയിലെ അമരാവതി നിവാസിയായ രംഭു ഗവായിയും രണ്ട് ആണ്‍മക്കളും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. അമരാവതി മോട്ടോര്‍ അക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണിന്റെ വിധിക്കെതിരെയായിരുന്നു അപ്പീല്‍. 2005ല്‍ ഇവരുടെ കുടുംബത്തിന് ഉണ്ടായ അപകടത്തില്‍ രംഭവ് ഗവായിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. എന്നാല്‍, ഭാര്യയുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ട്രിബ്യൂണല്‍ 2007 ഫെബ്രുവരി മൂന്നിന് വിധിച്ചിരുന്നു. മരണപ്പെട്ടയാള്‍ക്ക് ജോലിയില്ലെന്നും വരുമാനമില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമാണ് ട്രിബ്യൂണല്‍ വിധിച്ചത്.

ഒരു കുടുംബത്തെ ഒരുമിച്ച് കൊണ്ടുപോകുന്നത് വീട്ടമ്മയാണ്. ഭര്‍ത്താവിന് താങ്ങായും മക്കള്‍ക്ക് വഴികാട്ടിയായും നില്‍ക്കുന്ന അവരാണ് കുടുംബത്തെ ഒരുമിച്ച് നിര്‍ത്തുന്നത്. വീട്ടമ്മമാരുടെ ജോലി വിലമതിക്കാനാകാത്തതാണെന്നും ഹൈക്കോടതി ജസ്റ്റിസ് അനില്‍ കിലോര്‍ നിരീക്ഷിച്ചു.വീട്ടമ്മ എന്ന നിലയില്‍ 3000 രൂപയും അവരുടെ ജോലിക്ക് 3,000 രൂപയും വരുമാനം നിശ്ചയിച്ച കോടതി കുടുംബത്തിന് 8.22 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →