ബംഗളൂരു കലാപം പോലീസ് വീഴ്ചയാണെന്നും സാമുദായിക സംഘര്‍ഷ സ്വഭാവമുള്ളതല്ലെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

ബംഗളൂരു: പ്രവാചക നിന്ദാ പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ കലാപം പോലീസ് വീഴ്ചയാണെന്നും സാമുദായിക സംഘര്‍ഷ സ്വഭാവമുള്ളതല്ലെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കര്‍ണാടക ചില്‍ഡ്രന്‍സ് കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ നീന നായക്, സ്വതന്ത്ര പത്രപ്രവര്‍ത്തക സിന്തിയ സ്റ്റീഫന്‍ എന്നിവരും മറ്റ് 21 പേരും അടങ്ങുന്ന സമിതിയുടേതാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് ഇടയാക്കിയത് ഇതു സംബന്ധിച്ച പരാതി പോലിസ് അവഗണിച്ചതിനെ തുടര്‍ന്നാണെന്നാണ് ഡിജെ ഹള്ളിയിലെ വര്‍ഗീയ സംഘര്‍ഷം എന്ന പേരില്‍ പുറത്തിറക്കിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടിലുള്ളത്. കലാപം സാമുദായിക സ്വഭാവമുള്ളതാണെന്നതിന് തെളിവുകളുടെ അഭാവമുണ്ട്. കലാപത്തില്‍ ഹിന്ദു സമൂഹത്തെ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒന്നായാണ് തോന്നിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കിഴക്കന്‍ ബെംഗളൂരുവിലെ അക്രമസംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയായ ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹിന്ദുക്കളെ ലക്ഷ്യം വച്ച് നടന്ന കലാപമാണിതെന്നാണ്. എന്നാല്‍ കലാപകാരികള്‍ ഹിന്ദുക്കളെ പ്രത്യേകം ലക്ഷ്യമാക്കിയിട്ടില്ലെന്നാണ് ഡിജെ ഹള്ളിയിലെ വര്‍ഗീയ സംഘര്‍ഷം എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളുടെയും വീടുകളും വാഹനങ്ങളും സംരക്ഷിക്കാന്‍ മുസ്ലിം യുവാക്കള്‍ രംഗത്ത് വന്നിരുന്നെന്നും ഇവര്‍ പറയുന്നു. ഡിജെ ഹള്ളിയില്‍ 68 ക്രിമിനല്‍ കേസുകളിലായി 400-500 പേരെ അറസ്റ്റ് ചെയ്തതായി വസ്തുതാന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരേ പോലിസ് നടപടിയെടുക്കാത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നു പോലിസ് നടത്തിയ വെടിവയ്പില്‍ നാല് മുസ് ലിം യുവാക്കള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →