ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെയോ യുകെയിലെ ക്യൂന്‍സ് കോണ്‍സലിനേയോ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് പാക്കിസ്ഥാന്‍. ജാദവിന് വേണ്ടി പാക്കിസ്ഥാന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ വേണമെന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുകയാണെന്നാണ് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പ്രതികരിച്ചത്.
പാക്കിസ്ഥാനില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സുള്ള അഭിഭാഷകരെ മാത്രമേ പാക്കിസ്ഥാന്‍ കോടതികളില്‍ ഹാജരാകാന്‍ അനുവാദമുള്ളൂവെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര നിയമമാണ്. ഇതിന് ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി നടത്തിയെന്നാരോപിച്ച് പാക്കി സ്ഥാന്‍ സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്ന് അന്താരാഷ്ട്ര കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിജെ വിധി നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

