തിരുവനന്തപുരം: കോവിഡ് രോഗിയാണെങ്കിലും രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോവിഡ് രോഗികളായ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയത്.
കോവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും എന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശം. സര്‍ക്കാരിന്റേത് വിചിത്രമായ നിര്‍ദേശമാണ് എന്നായിരുന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ വിമര്‍ശിച്ചത്. കോവിഡ് രോഗിക്ക് ലക്ഷണങ്ങളില്ലെങ്കിലും പൂര്‍ണ വിശ്രമം വേണമെന്നും കെ ജി എം ഒ എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ വ്യക്തമാക്കിയിരുന്നു.

