പനാജി (ഗോവ) / 2026 /നവംബർ 22
ഗോവയിലെ പനാജിയിൽ നടക്കുന്ന 57-ാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ‘ധുരന്ധർ’ സിനിമയെക്കുറിച്ച് വാർത്താസമ്മേളനം നടന്നു. മേളയുടെ മാധ്യമകേന്ദ്രത്തിൽ മുതിർന്ന നടൻ രാകേഷ് ബേദിയും പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോഹ്റേയും സിനിമയുടെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിലെ മുഖ്യധാരാ ഫീച്ചർ സിനിമകളുടെ പ്രദർശനത്തിന് തുടക്കമിട്ടിരുന്നു.

ജമീൽ ജമാലിയെ രൂപപ്പെടുത്താൻ നാടകാനുഭവം തുണയായി
സിനിമ രൂപപ്പെട്ട വഴിയും കഥാപാത്രങ്ങളിലെ സൂക്ഷ്മതകളും കഥ നടക്കുന്ന ഇടങ്ങൾ ഒരുക്കിയ രീതിയും സംവാദത്തിൽ ഇരുവരും വിശദീകരിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ജനറൽ മഹേഷ് കുമാർ സംവാദം നയിച്ചു. ഇന്നത്തെ സിനിമയിൽ പല തലങ്ങളുള്ള കഥാപാത്രങ്ങളെ എഴുതേണ്ടതിന്റെ പ്രാധാന്യം ജമീൽ ജമാലിയെ അവതരിപ്പിച്ച അനുഭവത്തിലൂടെ ബേദി വിശദീകരിച്ചു. നാടകവേദിയിലെ നീണ്ട പരിചയമാണ് തന്റെ അഭിനയത്തിന്റെ അടിത്തറയെന്നും ഈ വേഷത്തിനായി വിശദമായ പഠനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ രംഗത്തിന്റെയും ആവശ്യത്തിന് അനുസരിച്ചാകണം കഥാപാത്രത്തിന്റെ പ്രവൃത്തികൾ. അങ്ങനെയാണ് അനുകരണത്തിൽ ഒതുങ്ങാതെ കഥാപാത്രത്തെ പൂർണമായി അവതരിപ്പിക്കാൻ കഴിയുകയെന്നും ബേദി പറഞ്ഞു.
ഒറ്റ ക്ലിക്കിൽ അഭിനയം ലോകമെങ്ങുമെത്തും
വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങൾ ചെയ്ത അഞ്ച് പതിറ്റാണ്ടുകളെ ഓർത്തെടുത്ത ബേദി, സിനിമ പ്രേക്ഷകരിലേക്ക് എത്തുന്ന രീതിയിലുണ്ടായ മാറ്റവും ചൂണ്ടിക്കാട്ടി. ‘ഏക് ദൂജേ കേ ലിയേ’, ‘തിരംഗാ’, ‘ചഷ്മേ ബദ്ദൂർ’ തുടങ്ങിയ ചിത്രങ്ങൾക്ക് അന്നും വലിയ ജനപ്രീതിയുണ്ടായിരുന്നു. ഡിജിറ്റൽ ബന്ധസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ എത്രത്തോളം പ്രേക്ഷകരിലേക്ക് അവ എത്തുമെന്നതിന് പരിമിതിയുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങൾ വന്നതോടെ പ്രേക്ഷകർ അഭിനയം കണ്ടെത്തുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന രീതി മാറി. ഇന്ന് ഒറ്റ ക്ലിക്കിൽ ഒരു നടന്റെ അഭിനയം ലോകമെങ്ങുമുള്ള പ്രേക്ഷകരിലെത്തും.
ഓരോ ഭാവത്തിനും പിന്നിൽ കൃത്യമായ ഒരുക്കം
ഹാസ്യരംഗങ്ങളിലും ഗൗരവമുള്ള രംഗങ്ങളിലും കൃത്യസമയത്ത് ഭാവം പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് ഒരു സിനിമാപ്രേമി ചോദിച്ചു. ഓരോ ചലനവും മുഖഭാവവും തിരക്കഥയും കഥാപാത്രം കഥയിലൂടെ മാറുന്ന രീതിയും നോക്കി മുൻകൂട്ടി തീരുമാനിക്കുന്നതാണെന്ന് ബേദി പറഞ്ഞു. ആ ഒരുക്കമാണ് അഭിനയത്തിന് സ്വാഭാവികത നൽകുന്നത്. ഭാവങ്ങൾ അനായാസം മാറ്റുന്നതെങ്ങനെയെന്നും കണ്ണാടിക്കു മുന്നിൽ പരിശീലിക്കാറുണ്ടോയെന്നും മറ്റൊരു ചോദ്യമുയർന്നു. അഭിനയിക്കുന്നതിനിടെ സ്വന്തം പ്രകടനം വിലയിരുത്താൻ പ്രയാസമാണ്. കണ്ണാടിയിൽ സ്വയം നോക്കി പരിശീലിക്കുന്നത് നടന്റെ വളർച്ചയെ തടസ്സപ്പെടുത്താമെന്നും ബേദി പറഞ്ഞു. കഥാപാത്രത്തിന്റെ മനസ്സ് ആഴത്തിൽ മനസ്സിലാക്കി ഉൾക്കൊണ്ടാൽ സംസാരവും പ്രതികരണവും ഭാവമാറ്റവും സ്വാഭാവികമായി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാകിസ്ഥാനിലെ ഇടങ്ങൾ പുനഃസൃഷ്ടിക്കാൻ നാൽപ്പതിലേറെ സെറ്റുകൾ
കഥ നടക്കുന്ന ഇടങ്ങളിലെ കെട്ടിടങ്ങളും നഗരക്കാഴ്ചകളും യഥാർഥ സ്ഥലങ്ങളോട് ഒത്തുപോകാൻ നടത്തിയ ഒരുക്കങ്ങൾ സൈനി എസ്. ജോഹ്റേ വിശദീകരിച്ചു. ചിത്രത്തിനായി നാൽപ്പതിലേറെ സെറ്റുകൾ നേരിട്ട് നിർമിച്ചു. പാകിസ്ഥാനിലെ സ്ഥലങ്ങൾ നേരിൽ കാണാൻ കഴിയാത്തതിനാൽ പഴയ വാർത്താരേഖകളും പ്രാദേശിക ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പഠിച്ചു. നഗരത്തിന്റെ രൂപവും ഗൂഗിൾ മാപ്സും പരിശോധിച്ചാണ് സിനിമയിലെ സ്ഥലങ്ങൾ ആദ്യം മുതൽ പുനഃസൃഷ്ടിച്ചത്.
സിനിമയുടെ പിന്നിലെ അധ്വാനം പ്രേക്ഷകരിലേക്ക്
സിനിമ എങ്ങനെ ഒരുങ്ങുന്നുവെന്ന് ചർച്ച ചെയ്യാൻ സംവിധായകരെയും കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിച്ചുകൊണ്ടുവരുന്ന വേദിയാണ് ചലച്ചിത്രമേളയെന്ന് വാർത്താസമ്മേളനം വ്യക്തമാക്കുന്നു. തിരശ്ശീലയിൽ കാണുന്ന കഥകൾക്കൊപ്പം അവ യാഥാർഥ്യമാക്കുന്ന കലാവൈദഗ്ധ്യവും പഠനവും കൂട്ടായ അധ്വാനവും ഇത്തരം സംവാദങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്നു. സിനിമയുടെ വിവിധ ആവിഷ്കാരരീതികൾ കൂടുതൽ അടുത്തറിയാനും ഇത് അവസരമൊരുക്കുന്നു. നവംബർ 20 മുതൽ 28 വരെയാണ് മേള.


.
IF
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.