ന്യൂഡൽഹി / 2026 / നവംബർ 22
ലഹരി ദുരുപയോഗം തടയുന്നതിനും മുതിർന്ന പൗരന്മാരുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും ഭിക്ഷാടനം തടയുന്നതിനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് രാജ്യത്തെ 23 സർവകലാശാലകളുമായും മറ്റു സ്ഥാപനങ്ങളുമായും ധാരണാപത്രങ്ങൾ കൈമാറി. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ന്യൂഡൽഹി ക്യാമ്പസിൽ നവംബർ 21-നായിരുന്നു ചടങ്ങ്. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ പങ്കെടുത്തു. 15 സ്ഥാപനങ്ങളുടെ പ്രതിനിധികൾ നേരിട്ടും എട്ട് സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഓൺലൈനായും പങ്കെടുത്തു. നേരത്തേ സർവകലാശാലകളും മറ്റു സംഘടനകളുമായി ഒപ്പിട്ട ഏഴ് ധാരണാപത്രങ്ങൾ കൂടി ചേർന്നതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപന പങ്കാളിത്തം 30 ആയി. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം സെക്രട്ടറി സുധാൻഷ് പന്ത്, ജോയിന്റ് സെക്രട്ടറി ഡോ. സന്ദീപ് രേവാജി റാത്തോഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗൗരവ് സിങ് രജാവത്ത്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിശീലനത്തിനും പുനരധിവാസത്തിനും കൂടുതൽ അവസരങ്ങൾ
രാജ്യത്തെ 23 സ്ഥാപനങ്ങളുമായുള്ള ധാരണാപത്ര കൈമാറ്റം, സഹകരണത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ശക്തമാക്കുന്ന സുപ്രധാനവും ചരിത്രപരവുമായ ചുവടുവയ്പാണെന്ന് ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. സർവകലാശാലകൾ, ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടുകൾ, മറ്റു പ്രമുഖ സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണം പരിശീലനത്തിനും കഴിവുകൾ വികസിപ്പിക്കാനും സഹായിക്കും. ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ നേരിടുന്നവർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, മുതിർന്ന പൗരന്മാർ, ഭിക്ഷാടനത്തിലേക്ക് തള്ളപ്പെടാൻ സാധ്യതയുള്ളവർ എന്നിവരുടെ പുനരധിവാസത്തിനും ഉപജീവനത്തിനും സമൂഹത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ കൂടുതൽ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു. പ്രയാസങ്ങൾ നേരിടുന്നവർക്ക് മാന്യമായും സ്വന്തം കാലിൽ നിന്നുകൊണ്ടും ജീവിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ഈ നീക്കം സഹായിക്കും. സ്ഥാപനങ്ങൾ തമ്മിൽ പതിവായി ചർച്ചകളും കൂടിയാലോചനകളും നടത്തണമെന്നും പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫലം കണ്ട രീതികൾ പങ്കുവച്ചാൽ മറ്റു സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും അവ നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ സന്ദേശം ക്യാമ്പസിൽനിന്ന് വീടുകളിലേക്ക്
യുവാക്കൾക്കിടയിലെ ലഹരി ദുരുപയോഗം തടയുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി സുധാൻഷ് പന്ത് പറഞ്ഞു. ക്യാമ്പസുകളിൽ പതിവായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും പ്രതിജ്ഞയെടുക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം കുടുംബങ്ങളിലേക്കും കൂട്ടുകാരിലേക്കും സമൂഹത്തിലേക്കും എത്തിക്കാനാകും. ഇൻസ്റ്റിറ്റ്യൂട്ടും പങ്കാളി സ്ഥാപനങ്ങളും പതിവായി ഏകോപനം നടത്തണമെന്നും പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ഇരുകൂട്ടർക്കും പ്രയോജനപ്പെടുന്ന പരിശീലന പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നതടക്കമുള്ള തുടർച്ചയായ പരിപാടികൾ കൂടുതൽ പേരിലേക്ക് ബോധവത്കരണം എത്തിക്കാനും ലഹരിമുക്ത ഇന്ത്യയ്ക്കായി കൂട്ടായി പ്രവർത്തിക്കാനും സഹായിക്കും. ലഹരി ദുരുപയോഗം തടയാനുള്ള സംയുക്ത ശ്രമം ശക്തമാക്കാൻ സ്ഥിരമായ ഏകോപനത്തിനും നിരീക്ഷണത്തിനും ക്യാമ്പസുകളിലെ ഹ്രസ്വകാല പരിശീലനത്തിനുമുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽനിന്ന് കിലയും പങ്കാളി
ഝാർഖണ്ഡിലെ റാഞ്ചി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, മേഘാലയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, മണിപ്പൂർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, ആന്ധ്രപ്രദേശ് കേന്ദ്ര സർവകലാശാല, കർണാടക കേന്ദ്ര സർവകലാശാല, ലഖ്നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാല, ജോധ്പൂരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി, ഹരിയാനയിലെ ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി, കർണാടകയിലെ ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്നിവ ധാരണാപത്രം കൈമാറി. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, കർണാടകയിലെ യെനെപോയ കൽപിത സർവകലാശാല, ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ, ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല, ന്യൂഡൽഹിയിലെ ഇന്ത്യൻ അഡൾട്ട് എജ്യുക്കേഷൻ അസോസിയേഷൻ, ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചായത്ത് രാജ് ആൻഡ് റൂറൽ ഡെവലപ്മെന്റ്, രാജസ്ഥാനിലെ ജോധ്പൂർ എയിംസ്, പുതുച്ചേരിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിങ് സെന്റർ എന്നിവയും പട്ടികയിലുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്ന കില, ഛത്രപതി സംഭാജിനഗറിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി, പട്നയിലെ ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി, ബിഹാറിലെ മഹാത്മാഗാന്ധി കേന്ദ്ര സർവകലാശാല, നാഗ്പുരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി എന്നിവയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പാഠ്യപദ്ധതി മുതൽ ബോധവത്കരണം വരെ
ലഹരി ദുരുപയോഗവും ഭിക്ഷാടനവും തടയൽ, മുതിർന്ന പൗരന്മാരുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും ക്ഷേമം എന്നിവയിലാണ് സഹകരണം. പ്രതിരോധ ബോധവത്കരണം, ഗവേഷണം, പരിശീലനം, കഴിവുകൾ വികസിപ്പിക്കൽ, പാഠ്യപദ്ധതി തയ്യാറാക്കൽ, ജനങ്ങളിലേക്കെത്തുന്ന പരിപാടികൾ, ക്ഷേമത്തിനായി പൊതുപിന്തുണ നേടൽ എന്നിവയും ധാരണാപത്രങ്ങളുടെ പരിധിയിൽ വരും. സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനും അറിവ് പങ്കുവയ്ക്കാനും പരിശീലന അവസരങ്ങൾ ഒരുക്കാനും ഫലപ്രദമായ നടപടികൾ രൂപപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു. മുതിർന്ന പൗരന്മാരുടെ മാന്യതയും അവരോടുള്ള ബഹുമാനവും കാത്തുസൂക്ഷിക്കുക, ആരോഗ്യപരിചരണവും ക്ഷേമവും ഉറപ്പാക്കുക, ലഹരി ദുരുപയോഗം തടയുക, ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളിൽ ബോധവത്കരണം നടത്താനുള്ള ഉത്തരവാദിത്തം പ്രതിജ്ഞയിലൂടെ ഓർമിപ്പിച്ചു. പരിശീലനം, ബോധവത്കരണം, ഗവേഷണം, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ എന്നിവയ്ക്ക് തുടർച്ച ഉറപ്പാക്കാൻ വിപുലമായ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സർവകലാശാലകൾ, പൊതുപരിശീലന സ്ഥാപനങ്ങൾ, പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുമായി ചേർന്ന് പ്രയാസങ്ങൾ നേരിടുന്ന വിഭാഗങ്ങളുടെ ക്ഷേമം, പുനരധിവാസം, ശാക്തീകരണം, സാമൂഹിക പങ്കാളിത്തം എന്നിവയ്ക്കുള്ള ശ്രമങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ശക്തമാക്കും. സ്ഥാപന സഹകരണം വർധിപ്പിക്കാനും സാമൂഹിക സുരക്ഷയും എല്ലാവരുടെയും പങ്കാളിത്തവും ശാക്തീകരണവും ഉറപ്പുള്ള ഇന്ത്യ കെട്ടിപ്പടുക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ നീക്കം ഊട്ടിയുറപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ കൺസൾട്ടന്റ് അനുഷ്ക ഭരദ്വാജ് ചടങ്ങ് നിയന്ത്രിച്ചു.
.