ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും ഹാജരാകണം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി

ന്യൂഡല്‍ഹി: വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി പുറപ്പെടുവിക്കും. പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ പ്രതിപ്പട്ടികയിലുള്ള ജീവിച്ചിരിക്കുന്ന 32 പേരും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഉടന്‍ വിധി പുറപ്പെടുവിക്കണമെന്ന് പ്രത്യേക സിബിഐ കോടതിക്ക് സുപ്രീം കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയവര്‍ പ്രതിപട്ടികയിലുള്ള കേസാണിത്. 1992 ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയില്‍ എല്‍.കെ.അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ഒരാഴ്ച മുന്‍പാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ വാദമുഖം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിപട്ടികയിലുള്ള 32 പേരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിചാരണ സമയത്ത് 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസില്‍ ആകെ 49 പ്രതികളുണ്ടായിരുന്നു. ഇതില്‍ 17 പേര്‍ വിചാരണ കാലയളവില്‍ മരിച്ചു.

1992 ഡിസംബര്‍ ആറിനാണ് ആയിരക്കണക്കിന് വരുന്ന കര്‍സേവകര്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കുന്നത്. അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന രഥ യാത്രയെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് ബിജെപിയും വിഎച്ച്പിയും ചേര്‍ന്ന് നടത്തിയ കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കര്‍സേവകര്‍ ബാബറി മസ്ജിദിലേക്ക് പ്രവേശിച്ച് മസ്ജിദ് തകര്‍ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →