ജിദ്ദ / 2026 / നവംബർ 10
കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ സൗദി അറേബ്യ സന്ദർശനത്തിനിടെ, 2027ലെ ഹജ്ജിനുള്ള ഇന്ത്യ–സൗദി ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു. ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ ക്വാട്ട 1,75,025 ആയി സ്ഥിരീകരിച്ചു. നവംബർ ആറുമുതൽ ഒൻപതുവരെയായിരുന്നു മന്ത്രിയുടെ ഔദ്യോഗിക സന്ദർശനം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഹജ്ജ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു.

തീർഥാടകരുടെ സൗകര്യങ്ങൾക്ക് മുൻഗണന
നവംബർ ഒൻപതിന് ജിദ്ദ സൂപ്പർഡോമിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമായി റിജിജു ഉഭയകക്ഷി ചർച്ച നടത്തി. സൗദിയിലെ ഇന്ത്യൻ അംബാസഡറും ഹജ്ജ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. 2027ലെ ഹജ്ജിനായി നടന്നുവരുന്ന ഒരുക്കങ്ങൾ മന്ത്രിമാർ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതും യാത്രയും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതും ചർച്ചയായി. ഓരോ ഇന്ത്യൻ തീർഥാടകന്റെയും ഹജ്ജ് യാത്ര സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാനുള്ള സംയുക്ത പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. ചർച്ചയ്ക്കുശേഷമാണ് ജിദ്ദയിൽ ഹജ്ജ് കരാർ ഒപ്പുവച്ചത്.
പഴക്കമുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ സഹകരണം
ദീർഘകാല ചരിത്രബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധവുമാണ് ഇന്ത്യ–സൗദി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിത്തറയെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. എല്ലാ ഇന്ത്യൻ തീർഥാടകർക്കും വിജയകരവും സൗകര്യപ്രദവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. 2026ലെ ഹജ്ജ് വിജയകരമായി നടത്തിയതിനെ റിജിജു അഭിനന്ദിച്ചു. 2027ലെ ഹജ്ജും വിജയകരമായി നടത്താൻ ഇന്ത്യയുടെ പൂർണ സഹകരണം അദ്ദേഹം സൗദിക്ക് ഉറപ്പുനൽകി.

ഹജ്ജ് സമ്മേളനത്തിലും മന്ത്രിതല ചർച്ചയിലും പങ്കാളിത്തം
നവംബർ എട്ടിന് ആറാമത് ഹജ്ജ് സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടനച്ചടങ്ങിൽ റിജിജു പങ്കെടുത്തു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലും അദ്ദേഹം സംബന്ധിച്ചു. തീർഥാടകരുടെ ക്ഷേമത്തിനായി സൗദി നേതൃത്വം തുടർന്നുവരുന്ന പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചു. 2027ലെ ഹജ്ജിനായി അടുത്ത ഉഭയകക്ഷി സഹകരണം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആവർത്തിച്ചു. സന്ദർശനത്തിനെത്തിയ മറ്റു മന്ത്രിമാർക്കൊപ്പം മക്ക മേഖലയുടെ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയിലും റിജിജു പങ്കെടുത്തു.

പ്രവാസികളുമായി കൂടിക്കാഴ്ച; ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി
ജിദ്ദയിലെ ഇന്ത്യ ഹൗസിൽ നടന്ന നൂർ ഇ ദീപാവലി ആഘോഷത്തിൽ റിജിജു പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചു. ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ സൗഹൃദത്തിന്റെയും സുമനസ്സിന്റെയും ജീവനുള്ള പാലമായി അവർ പ്രവർത്തിക്കുന്നതായും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിൽ 2027ലെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിച്ച മന്ത്രി, ഇന്ത്യൻ തീർഥാടകരുടെ സൗകര്യവും ക്ഷേമവും ഉറപ്പാക്കാൻ അടുത്ത ഏകോപനം തുടരണമെന്ന് നിർദേശിച്ചു. ജിദ്ദയിലെ പ്രധാന ഹജ്ജ് അനുബന്ധ കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. ഹജ്ജ് നടത്തിപ്പ്, തീർഥാടകരുടെ ക്ഷേമം, സാംസ്കാരിക കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സംയുക്ത പ്രതിബദ്ധത സന്ദർശനം ആവർത്തിച്ചുറപ്പിച്ചു. ദീർഘകാല ഇന്ത്യ–സൗദി പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.

.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.