ബാഗ്ഡോഗ്ര / 2026 / നവംബർ 07
പുതിയ സുരക്ഷാഭീഷണികളെ ഫലപ്രദമായി നേരിടാൻ പ്രതിരോധസേനകൾ ഏറ്റവും ഉയർന്ന പ്രവർത്തനസജ്ജത നിലനിർത്തണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദീപാവലിയുടെ തലേന്ന് പശ്ചിമബംഗാളിലെ ബാഗ്ഡോഗ്ര വ്യോമസേനാ താവളത്തിൽ സേനാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനമേഖലകളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം ശക്തമാക്കണം. സൈബർ ആക്രമണങ്ങളെ ചെറുക്കാനുള്ള ശേഷിയും വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷാസാഹചര്യം കൂടുതൽ സങ്കീർണമാകുകയാണ്. യുദ്ധം അതിർത്തികളിലെ പരമ്പരാഗത ഏറ്റുമുട്ടലുകളിൽ ഒതുങ്ങുന്നില്ല. വ്യത്യസ്ത രീതികളിലുള്ള ആക്രമണങ്ങൾ, പരോക്ഷയുദ്ധങ്ങൾ, സൈബർ ആക്രമണങ്ങൾ, കൂട്ടമായുള്ള ഡ്രോൺ ആക്രമണങ്ങൾ, വിവരങ്ങൾ ഉപയോഗിച്ചുള്ള നീക്കങ്ങൾ, പൊതുധാരണകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ എന്നിവയും അതിന്റെ ഭാഗമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി നമ്മുടെ ദൗർബല്യങ്ങൾ മുതലെടുക്കാനാണ് പലപ്പോഴും എതിരാളി ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ച് നാട്ടുകാരിലും സൈനികരിലും സംശയം വളർത്താനും ശ്രമിക്കാം. ഇത്തരം സാഹചര്യങ്ങളിൽ സേനാംഗങ്ങളുടെ ചുമതല സാധാരണ സൈനികന്റെ ഉത്തരവാദിത്വങ്ങൾക്കപ്പുറത്തേക്ക് നീളുന്നുവെന്നും മന്ത്രി പറഞ്ഞു.
കിഴക്കൻ മേഖലയുടെ കരുത്തുറ്റ കവചം
ഇന്ത്യയുടെ സുരക്ഷാസംവിധാനത്തിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയുടെ സുരക്ഷയിൽ, നിർണായക കണ്ണിയാണ് ബാഗ്ഡോഗ്രയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സേനാംഗങ്ങൾ കാണിക്കുന്ന ധൈര്യത്തെയും സമർപ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇവിടെ വിന്യസിച്ചിരിക്കുന്ന വ്യോമസേനാംഗങ്ങൾ കിഴക്കൻ മേഖലയുടെ സുരക്ഷയ്ക്കുള്ള കരുത്തുറ്റ കവചമാണ്. മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിന് അവരുടെ സജ്ജത അടിസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യ എത്ര വളർന്നാലും അച്ചടക്കവും ധൈര്യവും അനിവാര്യമാണ്. സേനാംഗങ്ങളുടെ പെരുമാറ്റം, ഇടപെടുന്ന രീതി, ഭാഷ, സംയമനം എന്നിവയാണ് നാട്ടുകാർക്കിടയിൽ സൈന്യത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നത്. ഈ ഗുണങ്ങളോടെ ചുമതല നിർവഹിക്കുന്ന സൈനികരെ മന്ത്രി അഭിനന്ദിച്ചു. ബാഗ്ഡോഗ്രയിലും സമീപപ്രദേശങ്ങളിലും ജനങ്ങളുമായുള്ള ഇടപെടൽ വർധിപ്പിക്കണം. ജനങ്ങളും സേനയും തമ്മിലുള്ള വിശ്വാസവും സ്നേഹബന്ധവും കൂടുതൽ ശക്തമാക്കണം. നാട്ടുകാരുമായുള്ള ബന്ധം ശക്തമാകുന്തോറും എതിരാളിയുടെ ഗൂഢനീക്കങ്ങൾ ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ സാങ്കേതികവിദ്യയിൽ കൂടുതൽ കരുത്ത്
ആത്മനിർഭർ ഭാരത് ലക്ഷ്യം കൈവരിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു. ഡ്രോണുകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, ആധുനിക സൈനിക ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും സംഭാവന വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശീയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഡ്രോൺ പ്രവർത്തനത്തിലും സൈബർ സുരക്ഷയിലും പുതിയ കഴിവുകൾ നേടുന്നതിനും പ്രതിരോധസേനകളെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിലെ സുരക്ഷാവെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സേനയെ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അഗ്നിവീറുകൾക്ക് വീണ്ടും രാജ്യസേവനത്തിന് അവസരം
അഗ്നിവീറുകൾക്കായുള്ള രണ്ടാംഘട്ട സേവനമായ സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതും മന്ത്രി പരാമർശിച്ചു. രാജ്യത്തെ സേവിക്കാൻ അഗ്നിവീറുകൾക്ക് മറ്റൊരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടുവർഷത്തെ ഈ സേവനകാലം പൂർത്തിയാക്കിയശേഷം, താൽപര്യവും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും അനുസരിച്ച് എല്ലാ അഗ്നിവീറുകൾക്കും സ്ഥിരം സൈനികരായി ചേരാനുള്ള അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിവീറുകൾക്കുള്ള പ്രധാന ദീപാവലി സമ്മാനമാണ് തീരുമാനമെന്നും സേനാംഗങ്ങളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
സൈനികരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം
വ്യോമസേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും മന്ത്രി ദീപാവലി ആശംസകൾ നേർന്നു. നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. ഉത്സവസമയത്ത് കുടുംബങ്ങളിൽനിന്ന് അകന്നിരിക്കുമ്പോഴും സഹപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സേനാംഗങ്ങൾ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കുടുംബങ്ങളുടെ ത്യാഗങ്ങൾക്കും സംഭാവനകൾക്കും മന്ത്രി നന്ദി അറിയിച്ചു. സൈനികർ അതിർത്തികൾ സംരക്ഷിക്കുമ്പോൾ അവരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം എപ്പോഴും നിലകൊള്ളുമെന്നും ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്, ബാഗ്ഡോഗ്ര വ്യോമസേനാ താവളത്തിലെ എയർ ഓഫീസർ കമാൻഡിങ് എയർ കമ്മഡോർ മനീഷ് ശർമ, മറ്റ് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.