ന്യൂഡൽഹി / 2026 / നവംബർ 05
പി എം സൂര്യഘർ മുഫ്ത് ബിജ്ലി യോജന ജനകീയ പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര നവീന പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം വകുപ്പുമന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. ന്യൂഡൽഹിയിൽ ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടിയുടെയും പ്രദർശനത്തിന്റെയും മൂന്നാംദിനമായ നവംബർ നാലിന് നടന്ന അനൗപചാരിക സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും രാജ്യത്തിനാകെയും ക്ഷേമവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്ന പദ്ധതിയായി ഇത് മാറിയെന്നും മന്ത്രി പറഞ്ഞു.
പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ രാജ്യത്ത് ഇപ്പോൾ ഏകദേശം ആറുദിവസംകൊണ്ട് ഒരുലക്ഷം സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നുണ്ടെന്ന് ജോഷി ചൂണ്ടിക്കാട്ടി. മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം, വൈദ്യുതിക്ക് ആവശ്യകത കൂടുതലുള്ള സമയങ്ങളിൽ രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തമാക്കാനും ഇത് സഹായിക്കുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ പൂജ്യമായി. അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരികെ വിറ്റ് ഈ കുടുംബങ്ങൾ ഒന്നിച്ചുചേർന്ന് ഗണ്യമായ വരുമാനവും നേടുന്നു. രാജ്യത്തെ സ്ഥാപിത സൗരോർജ ശേഷി 2014ലെ മൂന്ന് ഗിഗാവാട്ടിൽനിന്ന് ഇപ്പോൾ 172 ഗിഗാവാട്ടായി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് രാജ്യങ്ങളുമായി ശുദ്ധ ഊർജ സഹകരണം ശക്തമാക്കി
നെക്സ്റ്റ് ടെറാവാട്ട് നയതന്ത്ര സംവാദത്തിൽ കേന്ദ്ര നവീന പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യെസ്സോ നായിക് സംസാരിച്ചു. അടുത്ത ഒരു ടെറാവാട്ട് ശുദ്ധ ഊർജ ശേഷി കൈവരിക്കാൻ രാജ്യങ്ങളും സാങ്കേതികവിദ്യാ മേഖലകളും സ്ഥാപനങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം, നിക്ഷേപം, സാങ്കേതികവിദ്യ, പദ്ധതി നടപ്പാക്കൽ, ശേഷിവികസനം എന്നിവയിൽ നയതന്ത്ര പ്രതിനിധികളുടെ അഭിപ്രായങ്ങളും മന്ത്രി തേടി.
ഇതിനൊപ്പം അന്താരാഷ്ട്ര സൗരോർജ സഖ്യം, സി ഇ ഇ ഡബ്ല്യു, എനർജിവ വെഞ്ചേഴ്സ് എന്നിവ ചേർന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ യോഗം സംഘടിപ്പിച്ചു. വരുംദശകങ്ങളിൽ അന്താരാഷ്ട്രതലത്തിൽ ശുദ്ധ ഊർജ പദ്ധതികൾ നടപ്പാക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെ ഉന്നതതല സമ്മേളനവും ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളുടെ മന്ത്രിതല വട്ടമേശയോഗവും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ കരുത്തേകി. നോർവേ, ജപ്പാൻ, ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ് എന്നിവയുമായുള്ള പ്രത്യേക സമ്മേളനങ്ങൾ ഹൈഡ്രജൻ, കടലിലെ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം, ധനസഹായം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കി. കർണാടക, ഡൽഹി, ഉത്തരാഖണ്ഡ്, ബിഹാർ, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവ ആസൂത്രണം ചെയ്യുന്ന പുനരുപയോഗ ഊർജ നിക്ഷേപ പദ്ധതികൾ ആഗോള പ്രതിനിധികൾക്കുമുന്നിൽ അവതരിപ്പിച്ചു.
ഹരിത ഹൈഡ്രജൻ മുതൽ നിർമിതബുദ്ധിവരെ ചർച്ചയിൽ
ഉച്ചകോടിക്കൊപ്പം നടന്ന നാലാമത് അന്താരാഷ്ട്ര ഹരിത ഹൈഡ്രജൻ സമ്മേളനം ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി. 2030ഓടെ പ്രതിവർഷം അമ്പതുലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇലക്ട്രോലൈസർ നിർമാണം, ഗതാഗതത്തിലെ ഹൈഡ്രജൻ ഉപയോഗം, ഫ്യൂവൽ സെൽ സാങ്കേതികവിദ്യകൾ, സുസ്ഥിര വ്യോമയാന ഇന്ധനങ്ങൾ എന്നിവ വിവിധ സമ്മേളനങ്ങളിൽ ചർച്ചയായി. വിപുലമായ ഊർജ പരിവർത്തനത്തിൽ ഇന്ത്യയുടെ ഹൈഡ്രജൻ സമ്പദ്വ്യവസ്ഥയ്ക്കുള്ള പ്രധാന പങ്ക് ചർച്ചകൾ അടിവരയിട്ടു. സാങ്കേതിക സഹകരണം, ഗവേഷണ പങ്കാളിത്തം, ആഭ്യന്തര വിതരണശൃംഖല ശക്തമാക്കാനുള്ള അവസരങ്ങൾ എന്നിവ കണ്ടെത്താൻ വ്യവസായ പ്രമുഖരും ഗവേഷകരും നിർമാതാക്കളും വിജ്ഞാന പങ്കാളികളും വേദി പ്രയോജനപ്പെടുത്തുന്നു.
കരയിലും കടലിലുമുള്ള കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ മുന്നേറ്റം കാറ്റാടി ഊർജ മേഖലയിലെ മുഖ്യസമ്മേളനം പരിശോധിച്ചു. ഗിഗാവാട്ട് തോതിലുള്ള ആഭ്യന്തര ബാറ്ററി നിർമാണശേഷി വികസിപ്പിക്കുന്നതിലായിരുന്നു ബാറ്ററി സംഭരണ സമ്മേളനത്തിന്റെ ശ്രദ്ധ. വൈദ്യുതി ഗ്രിഡിന്റെ പ്രവർത്തനം മുൻകൂട്ടി വിലയിരുത്താനും ഊർജസുരക്ഷ ശക്തമാക്കാനും നിർമിതബുദ്ധി എങ്ങനെ സഹായിക്കുമെന്ന് നിർമിതബുദ്ധിക്കായുള്ള പുനരുപയോഗ ഊർജ സമ്മേളനം ചർച്ച ചെയ്തു. പുനരുപയോഗ ഊർജ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വിഭവങ്ങളും പ്രതിബദ്ധതയും ലക്ഷ്യബോധവും കൂടുതൽ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രത്യേക നയചർച്ചയും പരിശോധിച്ചു.
പുരപ്പുറ സൗരോർജ രൂപകൽപ്പനയ്ക്ക് പുതിയ ഉപകരണം
പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നവർക്ക് സഹായമായി ആർ ടി എസ് ഇ വെൻഡർ ബഡ്ഡി എന്ന ഡിജിറ്റൽ ഉപകരണവും നവംബർ നാലിന് പുറത്തിറക്കി. ബ്ലൂംബെർഗ് ഫിലാന്ത്രപ്പീസിന്റെ പിന്തുണയോടെയും കേന്ദ്ര നവീന പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും സി സ്റ്റെപ്പാണ് ഇത് വികസിപ്പിച്ചത്. മേൽക്കൂരയുടെ രൂപരേഖ വിലയിരുത്താനും സൗരോർജ സംവിധാനങ്ങളുടെ ത്രിമാന രൂപകൽപ്പന തയ്യാറാക്കാനും ഈ സംവിധാനം സഹായിക്കും. സാങ്കേതിക രേഖാചിത്രങ്ങളും ആവശ്യമായ സാമഗ്രികളുടെ പട്ടികയും ഒരേ പ്രവർത്തനക്രമത്തിൽ തയ്യാറാക്കാനും കഴിയും.
ഇന്ത്യയുടെ സൗരോർജ ഉപകരണ നിർമാണ മേഖലയും വലിയ വളർച്ചയാണ് കൈവരിച്ചത്. സൗരോർജ മൊഡ്യൂൾ നിർമാണശേഷി 200 ഗിഗാവാട്ട് കടന്നു. സോളാർ സെൽ നിർമാണശേഷി ഏകദേശം 45 ഗിഗാവാട്ടിലെത്തി. കാറ്റാടി ഊർജ ഉപകരണ നിർമാണത്തിലും രാജ്യം മുന്നേറുകയാണ്. ടർബൈൻ നിർമാണത്തിന്റെ മൂല്യശൃംഖലയിലെ ഗണ്യമായൊരു പങ്ക് ഇപ്പോൾ ആഭ്യന്തര ശേഷിയിലൂടെ കൈകാര്യം ചെയ്യാനാകുന്നു. ശുദ്ധ ഊർജ ഉപകരണ നിർമാണ മേഖലയിലുടനീളം ആഭ്യന്തര, അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ കണ്ടെത്താൻ നിർമാതാക്കൾക്കും സാങ്കേതിക കമ്പനികൾക്കും നിക്ഷേപകർക്കും നയരൂപകർത്താക്കൾക്കും ഉച്ചകോടി വേദിയൊരുക്കുന്നു.
ഊർജ സംഭരണത്തിനും വൈദ്യുതി പ്രസരണത്തിനും കൂടുതൽ പ്രാധാന്യം
പുനരുപയോഗ ഊർജ ശേഷി വർധിക്കുന്നതിനൊപ്പം ഊർജ സംഭരണവും വൈദ്യുതി പ്രസരണ സൗകര്യങ്ങളും കൂടുതൽ നിർണായകമാകുകയാണ്. വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും ഉൽപ്പാദനത്തിൽ ഏറ്റക്കുറച്ചിലുകളുള്ള പുനരുപയോഗ ഊർജം വിശ്വസനീയമായി ഗ്രിഡുമായി സംയോജിപ്പിക്കാനും ഇവ ആവശ്യമാണ്.
ബാറ്ററിയിൽ ഊർജം സംഭരിക്കുന്ന സംവിധാനങ്ങൾ, പമ്പ്ഡ് സ്റ്റോറേജ്, വൈദ്യുതി ഗ്രിഡിന്റെ നവീകരണം എന്നിവയിലെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ സാങ്കേതികവിദ്യാ ദാതാക്കളെയും പദ്ധതി വികസിപ്പിക്കുന്നവരെയും വ്യവസായ മേഖലയിലെ പങ്കാളികളെയും ഉച്ചകോടി ഒരുമിപ്പിക്കുന്നു. ഊർജ സംഭരണത്തിലും വൈദ്യുതി പ്രസരണത്തിലും ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ നിക്ഷേപത്തിനും സാങ്കേതിക പങ്കാളിത്തത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്.
.