ന്യൂഡൽഹി / 2026 / നവംബർ 05
പ്രധാനമന്ത്രി വിരാസത് കാ സംവർധൻ എന്ന പി എം വികാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്താനും പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കാനും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സമാവേശ് സേ വികാസ് പരിപാടി സംഘടിപ്പിച്ചു. നവംബർ നാലിന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിലെ സമരസത ഹാളിലായിരുന്നു പരിപാടി. മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്യാമ പ്രസാദ് റോയ്, ഡയറക്ടർ നേഹ ഗിരി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ എൺപതിലധികം പേർ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്ന ഏജൻസികളുടെ പ്രതിനിധികളും മറ്റ് പങ്കാളികളും ചർച്ചകളുടെ ഭാഗമായി. പദ്ധതിയുടെ പുരോഗതി, നടത്തിപ്പിലെ വെല്ലുവിളികൾ, പരിശീലനത്തിന്റെ നിലവാരം, തൊഴിൽ ലഭ്യത, പദ്ധതിയുടെ മൊത്തത്തിലുള്ള ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള നടപടികൾ ചർച്ച ചെയ്തു.
നൈപുണ്യ പരിശീലനം ഗുണഭോക്താക്കൾക്ക് പ്രയോജനകരമായ തൊഴിലവസരങ്ങളും മെച്ചപ്പെട്ട ഭാവിയും ഉറപ്പാക്കണമെന്ന് ശ്യാമ പ്രസാദ് റോയ് പറഞ്ഞു. സമാവേശ് സേ വികാസ് എന്ന ആശയം വെറുമൊരു മുദ്രാവാക്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടിയായാലും പഠനം പാതിവഴിയിൽ നിർത്തിയ ആളായാലും മറ്റേതെങ്കിലും പരിശീലനാർഥിയായാലും പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടണം. തുടർന്ന് ജോലി ലഭിച്ച് മികച്ച ഭാവിയിലേക്ക് മുന്നേറണം. അതാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലകളിൽ പരിശീലനത്തിന് മൂന്ന് പങ്കാളിത്തങ്ങൾ
പരിപാടിയിൽ പിതാംപുർ ഓട്ടോ ക്ലസ്റ്റർ, സെന്റർ ഓഫ് എക്സലൻസ് ഇൻ മാരിടൈം ആൻഡ് ഷിപ്പ്ബിൽഡിങ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് എന്നീ സ്ഥാപനങ്ങളുമായി പി എം വികാസ് പദ്ധതിയുടെ ഭാഗമായി ധാരണാപത്രങ്ങൾ ഒപ്പിട്ടു. വിവിധ മേഖലകളിലും പ്രദേശങ്ങളിലുമുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. പിതാംപുർ ഓട്ടോ ക്ലസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ മധ്യപ്രദേശിലെ 2,400 പേർക്ക് പരിശീലനം നൽകും. വ്യവസായ മേഖലയിലെ പുതിയ ആവശ്യങ്ങൾക്കനുസരിച്ച് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, സി എൻ സി മില്ലിങ് പ്രോഗ്രാമർ, വെയർഹൗസ് അസോസിയേറ്റ്, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് സസ്റ്റൈനബിലിറ്റി തുടങ്ങിയ ജോലികളിലാണ് പരിശീലനം.
സെന്റർ ഓഫ് എക്സലൻസ് ഇൻ മാരിടൈം ആൻഡ് ഷിപ്പ്ബിൽഡിങ്ങുമായുള്ള ധാരണാപത്രത്തിലൂടെ 6,300 പേർക്ക് പരിശീലനം ലഭിക്കും. കർണാടക, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുക. ബിസിനസ് അനലിസ്റ്റ്, വെയർഹൗസ് സൂപ്പർവൈസർ, എ ഐ ടെക്നോക്രാറ്റ്, ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ് എന്നിവയുൾപ്പെടെ വിവിധ ജോലികൾക്കുള്ള പരിശീലനം നൽകും.
സൗരോർജ മേഖലയിലും പരമ്പരാഗത കരകൗശലത്തിലും അവസരങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റുമായുള്ള പങ്കാളിത്തത്തിലൂടെ ഉത്തർപ്രദേശിലെ 900 പേർക്ക് സോളാർ പി വി ഇൻസ്റ്റാളർ സൂര്യമിത്ര പരിശീലനം നൽകും. വ്യവസായ മേഖലയിൽ ആവശ്യമായ കഴിവുകൾ യുവാക്കൾക്ക് നൽകുകയും പുനരുപയോഗ ഊർജ മേഖലയിലെ പുതിയ തൊഴിലവസരങ്ങൾക്ക് അവരെ സജ്ജരാക്കുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ വളരുന്ന ഹരിത ഊർജ മേഖലയ്ക്ക് ആവശ്യമായ പരിശീലനം ലഭിച്ച തൊഴിലാളികളെ സൃഷ്ടിക്കാനും ഇതിലൂടെ സഹായിക്കും.
പദ്ധതിയുടെ പരമ്പരാഗത നൈപുണ്യ പരിശീലന ഘടകം നടപ്പാക്കാൻ നവംബർ മൂന്നിന് കശ്മീർ കേന്ദ്ര സർവകലാശാലയുമായും മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ 120 പേർക്ക് വില്ലോ കരകൗശല തൊഴിലാളികളാകാനുള്ള പരിശീലനം നൽകും. 390 മണിക്കൂറാണ് പരിശീലനത്തിന്റെ ദൈർഘ്യം. പരമ്പരാഗത കരകൗശലം സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിരമായ ഉപജീവനത്തിന് സഹായിക്കുന്ന കഴിവുകൾ പരിശീലനാർഥികൾക്ക് നൽകുകയാണ് ലക്ഷ്യം.
തൊഴിൽ ലഭ്യതയ്ക്കും പരിശീലന നിലവാരത്തിനും കൂടുതൽ ശ്രദ്ധ
പി എം വികാസിന്റെ പുരോഗതി സംബന്ധിച്ച് മന്ത്രാലയം ഡയറക്ടർ നേഹ ഗിരി അവതരണം നടത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ നിലവിലെ സ്ഥിതി, കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന മേഖലകൾ, തുടർപ്രവർത്തനങ്ങളിലെ മുൻഗണനകൾ എന്നിവ അവർ വിശദീകരിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുന്നതിൽ നിർവഹണ ഏജൻസികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും തൊഴിലുടമകളുമായുള്ള ബന്ധം ശക്തമാക്കണമെന്നും അവർ പറഞ്ഞു. ജോലി ലഭിച്ചവരുടെ സ്ഥിരീകരിച്ച വിവരങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധ വേണമെന്ന് നേഹ ഗിരി ആവശ്യപ്പെട്ടു. ഓരോ നിർവഹണ ഏജൻസിയുടെയും പ്രവർത്തനപുരോഗതി വിലയിരുത്തിയ പ്രത്യേക സമ്മേളനവും പരിപാടിയുടെ പ്രധാന ഭാഗമായി. ഏജൻസികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിശോധിച്ചു. കൂടുതൽ ശ്രദ്ധ വേണ്ട മേഖലകൾ കണ്ടെത്താനും ഏകോപനം, പരിശീലന നടത്തിപ്പ്, തൊഴിൽ ലഭ്യത, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്യാനും അവലോകനം അവസരമൊരുക്കി. ഉത്തരവാദിത്തം വർധിപ്പിക്കാനും പരിശീലനം ഗുണഭോക്താക്കൾക്ക് പ്രയോജനകരമായ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഉറപ്പാക്കാനും ചർച്ചകളിൽ ഊന്നൽ നൽകി.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെയും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും സ്വതന്ത്ര നിരീക്ഷണത്തിലൂടെ പരിശീലനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതും ചർച്ച ചെയ്തു. തൊഴിൽ ലഭ്യത മെച്ചപ്പെടുത്താനുള്ള ബ്ലൂഡോട്ട് സംവിധാനവും പരിശീലനാർഥികളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനുള്ള വോയ്സ് എ ഐ സംവിധാനവും ഏക്സ്റ്റെപ് ഫൗണ്ടേഷൻ അവതരിപ്പിച്ചു. നൈപുണ്യ വികസന രംഗത്ത് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ പങ്കും ചർച്ചയായി. വ്യവസായ മേഖലയുമായുള്ള ബന്ധവും തൊഴിലവസരങ്ങളും ശക്തമാക്കുന്നതിന് ഇതിൽ പ്രാധാന്യം നൽകി.
പൈതൃകവും വിനോദസഞ്ചാരവും ഉപജീവനവുമായി ബന്ധിപ്പിക്കും
പൈതൃക, വിനോദസഞ്ചാര മേഖലകളിൽ യുവാക്കളുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇതിഹാസ് എന്ന ഇന്ത്യൻ ട്രഡിഷൻസ് ആൻഡ് ഹെറിറ്റേജ് സൊസൈറ്റി അവതരണം നടത്തി. ഈ മേഖലകളിൽ യുവാക്കൾക്ക് കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ വിശദീകരിച്ചു. നൈപുണ്യ വികസനത്തെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവതരണം ഊന്നൽ നൽകി.
മന്ത്രാലയ ഉദ്യോഗസ്ഥരും വിവിധ പങ്കാളികളും പദ്ധതി നിർവഹണ ഏജൻസികളും പങ്കെടുത്ത ആശയവിനിമയത്തോടെയാണ് പരിപാടി സമാപിച്ചത്. പ്രവർത്തനതലത്തിലെ അനുഭവങ്ങൾ പങ്കുവെക്കാനും പദ്ധതി നടത്തിപ്പിലെ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാനും ഇതിലൂടെ അവസരം ലഭിച്ചു. പി എം വികാസ് പദ്ധതിയുടെ നടത്തിപ്പും ഫലപ്രാപ്തിയും മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പങ്കുവെച്ചു. ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കാനും വ്യവസായ ബന്ധങ്ങൾ ശക്തമാക്കാനും ന്യൂനപക്ഷ സമുദായങ്ങളിലെ യുവാക്കൾക്ക് സുസ്ഥിര ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പ്രതിബദ്ധത ന്യൂനപക്ഷകാര്യ മന്ത്രാലയം ആവർത്തിച്ചു.
.