ന്യൂഡൽഹി / 2026/ ഒക്ടോബർ 29
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രഗതിയുടെ 54-ാമത് യോഗം ഒക്ടോബർ 28ന് സേവാ തീർഥിൽ ചേർന്നു. 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റെയിൽവേ, ഏകതാ മാൾ, ഔഷധ പാർക്ക് പദ്ധതികൾ യോഗം വിലയിരുത്തി. ഇവയുടെ ആകെ ചെലവ് 16,000 കോടി രൂപയിലേറെയാണ്. പദ്ധതികൾ നടപ്പാക്കുന്നതിലെ തടസ്സങ്ങൾ നീക്കാനും ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാനും കേന്ദ്ര–സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിക്കുന്ന സംവിധാനമാണ് പ്രഗതി. വിവര–ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. മുൻകൈയെടുത്തുള്ള ഭരണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പുമാണ് ലക്ഷ്യം. സാമ്പത്തിക വളർച്ചയ്ക്കും ജനക്ഷേമത്തിനും നിർണായകമായ പദ്ധതികളുടെ സമയക്രമം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തൽ എന്നിവയ്ക്ക് യോഗത്തിൽ പ്രാധാന്യം നൽകി.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കണം
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കാനും കരകൗശല തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്താനും പി.എം. ഏകതാ മാളുകൾ സഹായിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികൾക്ക് അവരുടെ സംരംഭങ്ങൾ വിപുലീകരിക്കാനും ഇവ വഴിയൊരുക്കണം. മാളുകളെ വിനോദസഞ്ചാരവുമായും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കണം. ഉൽപ്പന്നങ്ങളുടെ ആവശ്യകത കൂടുന്നത് ഗ്രാമീണ മേഖലയിലെ ഉൽപ്പാദനം, പാക്കിങ്, സംഭരണം, ഗതാഗതം എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാളുകളുടെ നിർമാണപുരോഗതി ചീഫ് സെക്രട്ടറിമാർ പതിവായി വിലയിരുത്തണം. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
മരുന്നുനിർമാണത്തിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തണം
ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബൾക്ക് ഡ്രഗ് പാർക്കുകളുടെ പുരോഗതിയും പ്രധാനമന്ത്രി പരിശോധിച്ചു. മരുന്നുകളിലെ സജീവ ഔഷധഘടകങ്ങളുടെയും നിർമാണത്തിന് ആവശ്യമായ മറ്റ് അവശ്യ വസ്തുക്കളുടെയും ആഭ്യന്തര ഉൽപ്പാദനത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഔഷധമേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചെലവിനൊപ്പം ജനജീവിതത്തിലെ മാറ്റവും കണക്കാക്കണം
പദ്ധതി നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറിമാർ എല്ലാ മാസവും ജില്ലാ മജിസ്ട്രേറ്റുമാരുമായി പദ്ധതികൾ വിലയിരുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ സമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. എത്ര തുക വകയിരുത്തി എന്നതിനെക്കാൾ എന്ത് ഫലം ലഭിച്ചു എന്നതിനായിരിക്കണം ഭരണത്തിൽ പ്രാധാന്യം. പൊതുപണം ചെലവഴിക്കുന്നത് ജനങ്ങളുടെ ജീവിതത്തിൽ വ്യക്തമായ പുരോഗതിയുണ്ടാക്കണം. വികസനം കുറഞ്ഞ പ്രദേശങ്ങളുടെ മുന്നേറ്റത്തിനായുള്ള ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ്, ആസ്പിരേഷണൽ ബ്ലോക്ക്സ് പദ്ധതികളും അദ്ദേഹം പരാമർശിച്ചു. വിവിധ പദ്ധതികൾ ഏകോപിപ്പിക്കുന്നതും പതിവായ നിരീക്ഷണവും പ്രാദേശികതലത്തിലെ ഉത്തരവാദിത്തവും ഇത്തരം പ്രദേശങ്ങളുടെ വികസനം വേഗത്തിലാക്കുമെന്ന് പറഞ്ഞു. ഭരണസംവിധാനവും ക്ഷേമപദ്ധതികളുടെ വിതരണവും മെച്ചപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ഏകദേശം 25 കോടി ആളുകളെ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകൊണ്ടുവരാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വേഗത്തിലാക്കണം
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം വിലയിരുത്തുന്നതിനിടെ, രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യാത്രക്കാരുടെ സൗകര്യവും യാത്രയുടെ എളുപ്പവും മെച്ചപ്പെടുത്തണം. നവീകരിക്കുന്ന സ്റ്റേഷനുകൾ മെട്രോയുമായും മറ്റ് ഗതാഗത സംവിധാനങ്ങളുമായും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന വിവിധ ഗതാഗത മാർഗങ്ങളുടെ സംഗമകേന്ദ്രങ്ങളാകണം. പദ്ധതികളിലെ തടസ്സങ്ങൾ പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും അദ്ദേഹം നിർദേശം നൽകി. കേന്ദ്ര–സംസ്ഥാന ഏകോപനവും വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തണം. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥതലത്തിൽ സൂക്ഷ്മമായ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ തലങ്ങളിലും ചുമതല ഏറ്റെടുത്ത് മുൻകൈയോടെ പ്രവർത്തിക്കുന്ന തൊഴിൽസംസ്കാരം വേണം. നടത്തിപ്പിലെ വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിയുകയും സമയത്ത് തീരുമാനമെടുക്കുകയും വേണം. പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.