സൂറത്ത്, 2026 സെപ്റ്റംബർ 23 –
സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തം അപകടമല്ലെന്നും ആസൂത്രിതമായി തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. സെപ്റ്റംബർ ഒമ്പതിനുണ്ടായ തീപിടിത്തത്തിൽ 14 കടകൾ കത്തിനശിച്ചു. ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങളും നശിച്ചു. സംഭവത്തിൽ മുൻ അക്കൗണ്ടന്റായ 33കാരൻ വിനോദ് പണ്ഡിറ്റ് സാവലെയെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മാർക്കറ്റിലെ ആറാം നിലയിലെ ഒരു കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നയാളാണ് വിനോദ്. 2026 ഏപ്രിലിൽ ഏകദേശം 30,000 രൂപ ശമ്പളത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കടയുടമയുമായി ജോലിയെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ജോലി ഉപേക്ഷിച്ചു. തനിക്ക് ലഭിക്കാനുണ്ടെന്ന് അവകാശപ്പെട്ട ഏകദേശം 10,000 രൂപ നൽകാത്തതിലുള്ള വൈരാഗ്യമാണ് തീയിടാൻ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെയും ഇയാൾ കടയ്ക്ക് തീയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും പൊലീസ് പറയുന്നു.
150 രൂപയുടെ പെട്രോളുമായി മാർക്കറ്റിലെത്തി
ദേവധ് ഗ്രാമത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഏകദേശം 150 രൂപയുടെ പെട്രോൾ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. പ്ലാസ്റ്റിക് ബാഗിലും കുപ്പിയിലുമായി പെട്രോളുമായി സെപ്റ്റംബർ എട്ടിന് രാത്രി ഒമ്പതോടെ വിനോദ് മാർക്കറ്റിലെത്തി. മുഖം വെള്ള തൂവാലകൊണ്ട് മറച്ചിരുന്നു. അഞ്ചാം നിലയിലെ കോണിപ്പടിക്ക് സമീപം രാത്രി 12.30 വരെ കാത്തുനിന്നു. ആളൊഴിഞ്ഞതോടെ കടയ്ക്ക് പുറത്തുണ്ടായിരുന്ന തുണിപ്പെട്ടികളിലും പാഴ്സലുകളിലും പെട്രോൾ ഒഴിച്ച് തീയിട്ടശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
തീ അതിവേഗം സമീപത്തെ കടകളിലേക്കും പടർന്നു. അഗ്നിശമനസേനയ്ക്ക് തീ നിയന്ത്രിക്കാൻ ഏകദേശം 38 മണിക്കൂർ വേണ്ടിവന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. സൂറത്ത് അഡീഷണൽ പൊലീസ് കമ്മീഷണർ കരൺരാജ് വഗേലയുടെ കണക്കനുസരിച്ച് ആകെ നഷ്ടം ഏകദേശം 25 കോടി രൂപയാണ്. അന്വേഷണത്തിൽ നശിച്ച തുണിത്തരങ്ങളുടെ മൂല്യം ഏകദേശം 24 കോടി രൂപയാണെന്നാണ് കണ്ടെത്തിയത്.
1,500 സിസിടിവികൾ പരിശോധിച്ചു
ആദ്യം അജ്ഞാതനെതിരെ കേസെടുത്താണ് സരോലി പൊലീസ് അന്വേഷണം തുടങ്ങിയത്. സൂറത്ത് പൊലീസിന്റെ ‘വിശ്വാസ് പ്രോജക്ട്’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച 1,500ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പ്രതി മാർക്കറ്റിലെത്തിയതും മടങ്ങിയതുമായ വഴികൾ പിന്തുടർന്നാണ് അന്വേഷണം വിനോദിലേക്കെത്തിയത്.
തീപിടിത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും കേസെടുത്ത വിവരം അറിയുകയും ചെയ്തതോടെ വിനോദ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം സൂറത്ത് വിട്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യം രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്കും പിന്നീട് അയോധ്യയിലേക്കും പോയി. സൂറത്തിൽ തിരിച്ചെത്തിയപ്പോൾ ഡിൻഡോളിയിലെ ഫ്ലവർ ഗാർഡന് സമീപത്തുനിന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പെട്രോൾ നൽകിയ പമ്പ് ജീവനക്കാരന്റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.