ന്യൂഡൽഹി / 2026 / സെപ്റ്റംബർ 10
കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത വന്യജീവി കടത്തിനെതിരെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ ആറ് പ്രധാന നടപടികളിൽ രണ്ട് പുള്ളിപ്പുലിത്തോലുകൾ, ജീവനുള്ള 180 ഇന്ത്യൻ നക്ഷത്ര ആമകൾ, 12 ടൊക്കേ ഗെക്കോകൾ, ഏകദേശം 24 കിലോഗ്രാം ഈനാംപേച്ചി ചെതുമ്പലുകൾ, 500 ഗ്രാം കടുവയുടെ അസ്ഥികൾ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. ഈ ആറ് നടപടികളിലായി 13 പേരെ അറസ്റ്റ് ചെയ്തു.
ഒഡീഷയിൽ പുള്ളിപ്പുലിത്തോൽ പിടികൂടി
സെപ്റ്റംബർ ഏഴിന് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ജെയ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥർ ഒരാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഒരു പുള്ളിപ്പുലിത്തോൽ കണ്ടെത്തി. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ് പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ തോലോ ശരീരഭാഗങ്ങളോ വ്യാപാരം ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൈവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ഡിആർഐ അറിയിച്ചു. പിടിച്ചെടുത്ത തോലും കസ്റ്റഡിയിലെടുത്ത ആളെയും കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കോരാപുട്ടിലെ സംസ്ഥാന വനംവകുപ്പിന് കൈമാറി.
അതേ ദിവസം ബെംഗളൂരുവിലെ ഗാന്ധിനഗറിന് സമീപം മറ്റൊരാളെ തടഞ്ഞ് ബാഗേജ് പരിശോധിച്ചപ്പോൾ ആറു തുണിസഞ്ചികളിൽ ഒളിപ്പിച്ച നിലയിൽ ജീവനുള്ള 180 ഇന്ത്യൻ നക്ഷത്ര ആമകളെ കണ്ടെത്തി. വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ ഇവയെ ‘ജിയോകെലോൺ എലിഗൻസ്’ ഇനമായി തിരിച്ചറിഞ്ഞു. ഇവയും വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിലാണ്. പുറന്തോടിലെ നക്ഷത്ര രൂപമാണ് ഇവയ്ക്ക് വിദേശ വളർത്തുമൃഗ വിപണിയിലും വന്യജീവി ശേഖരകരുടെ ഇടയിലും വലിയ ആവശ്യകത ഉണ്ടാക്കുന്നത്. ഇത് നിയമവിരുദ്ധമായി പിടികൂടുന്നതിനും അന്താരാഷ്ട്ര കടത്തിനും കാരണമാകുന്നതായും അധികൃതർ പറഞ്ഞു. 180 ആമകളെയും നിയമപ്രകാരം പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മേഘാലയയിൽ ഈനാംപേച്ചി ചെതുമ്പൽ
സെപ്റ്റംബർ ഏഴിന് തന്നെ മേഘാലയയിലെ റി-ഭോയ് ജില്ലയിൽ മാവ്ഹാട്ടിയിലേക്ക് പോവുകയായിരുന്ന ബൊലേറോ വാഹനം ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞു. വിശദമായ പരിശോധനയിൽ മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 14.68 കിലോഗ്രാം ഉണക്കിയ ഈനാംപേച്ചി ചെതുമ്പലുകൾ കണ്ടെത്തി. ഈനാംപേച്ചി വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിലും സൈറ്റ്സ് അനുബന്ധം ഒന്നിലും ഉൾപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അനധികൃതമായി കടത്തപ്പെടുന്ന സസ്തനികളിലൊന്നാണ് ഈനാംപേച്ചി. ഏഷ്യയിലെ ചില പ്രദേശങ്ങളിൽ പരമ്പരാഗത ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ചെതുമ്പലുകൾക്ക് ആവശ്യക്കാർ ഉള്ളത്. പിടിച്ചെടുത്ത ചെതുമ്പലുകളും കസ്റ്റഡിയിലെടുത്തയാളെയും വാഹനവും തുടർനടപടികൾക്കായി മേഘാലയയിലെ നോങ്പോ വനം റേഞ്ച് ഓഫീസർക്ക് കൈമാറി.
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ പുള്ളിപ്പുലിത്തോൽ കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് ഡിആർഐയും വനംവകുപ്പും ചേർന്ന് നടത്തിയ മറ്റൊരു നടപടിയിൽ നാല് പേരെ പിടികൂടി. മഹീന്ദ്ര ഥാറിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരിൽ നിന്ന് ഒരു പുള്ളിപ്പുലിത്തോൽ കണ്ടെത്തി. തുടർ അന്വേഷണത്തിലും പരിശോധനകളിലും സംഘത്തിലെ മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞ് പിടികൂടി. പുള്ളിപ്പുലിയെ നിയമവിരുദ്ധമായി വേട്ടയാടിയത്, തോലും ശരീരഭാഗങ്ങളും കൈവശം വച്ചത്, കടത്തിയത്, വിൽക്കാൻ ശ്രമിച്ചത് എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തി. തോലും വാഹനവും പിടിച്ചെടുത്ത ശേഷം നാലുപേരെയും വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള തുടർനടപടികൾക്കായി സിദ്ധി വനംവകുപ്പിന് കൈമാറി.
അസമിൽ ടൊക്കേ ഗെക്കോകളും കടുവയുടെ അസ്ഥികളും
സെപ്റ്റംബർ അഞ്ചിന് അസമിലെ കിയോഖാലിയിൽ അനധികൃത വന്യജീവി വ്യാപാരത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞു. ഇവരിൽ നിന്ന് ജീവനുള്ള 12 ടൊക്കേ ഗെക്കോകളെ കണ്ടെത്തി. ടൊക്കേ ഗെക്കോ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിലും സൈറ്റ്സ് അനുബന്ധം രണ്ടിലും ഉൾപ്പെടുന്നു. ഏഷ്യയിലെ ചില ഭാഗങ്ങളിൽ പരമ്പരാഗത ചികിത്സയ്ക്കായി, പ്രത്യേകിച്ച് ഉണക്കിയ രൂപത്തിൽ, ഇവയെ കടത്തുന്നുണ്ട്. വിദേശ വളർത്തുമൃഗമായും ഇവയ്ക്ക് ആവശ്യക്കാരുണ്ട്. പിടിച്ചെടുത്ത ഗെക്കോകളെയും രണ്ട് പേരെയും തുടർനടപടികൾക്കായി അസമിലെ ബിശ്വനാഥ് വന്യജീവി ഡിവിഷനിലെ വനം റേഞ്ച് ഓഫീസർക്ക് കൈമാറി.
ഇതിന് മുമ്പ് ഓഗസ്റ്റ് 28-ന് അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ വാഹനത്തിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ തടഞ്ഞ് നടത്തിയ പരിശോധനയിൽ ഏകദേശം ഒൻപത് കിലോഗ്രാം ഈനാംപേച്ചി ചെതുമ്പലുകളും തലയോട്ടിയും പല്ലുകളും ഉൾപ്പെട്ട ഏകദേശം അരക്കിലോഗ്രാം കടുവ അസ്ഥികളും കണ്ടെത്തി. വന്യജീവി വസ്തുക്കളും വാഹനവും വന്യജീവി സംരക്ഷണ നിയമപ്രകാരം പിടിച്ചെടുത്തു. മൂന്ന് പേരെയും തുടർനടപടികൾക്കായി അസമിലെ ബൊക്കോളിയ വനം റേഞ്ച് ഓഫീസർക്ക് കൈമാറി.
കടത്ത് ശൃംഖലകൾക്കെതിരെ സംയുക്ത നടപടി
ജീവനുള്ള വംശനാശഭീഷണി നേരിടുന്ന ജീവികൾ മുതൽ മൃഗത്തോലുകൾ, ഈനാംപേച്ചി ചെതുമ്പലുകൾ, കടുവയുടെ ശരീരഭാഗങ്ങൾ വരെ പല രൂപത്തിലാണ് വന്യജീവി കടത്ത് നടക്കുന്നതെന്ന് ഈ പിടിച്ചെടുക്കലുകൾ വ്യക്തമാക്കുന്നുവെന്ന് ഡിആർഐ പറഞ്ഞു. ഇത്തരം കടത്ത് തടയാൻ വിവിധ ഏജൻസികൾ തമ്മിലുള്ള തുടർച്ചയായ ഏകോപനം ആവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വനംവകുപ്പുകൾ, വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ, മറ്റ് നിയമനടപ്പാക്കൽ ഏജൻസികൾ എന്നിവരുമായി ചേർന്ന് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ നടത്തി വന്യജീവി കടത്ത് ശൃംഖലകളെ തകർക്കാനും ഇന്ത്യയുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഡിആർഐ പ്രവർത്തനം തുടരുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.