ഡൽഹി / 2026 / സെപ്റ്റംബർ 10
ആധാർ മുഖപരിചയ പരിശോധന ഡിജിറ്റൽ ആപ്പുകളിൽ കൂടുതൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ പുതിയ ഫേസ് ഓതന്റിക്കേഷൻ എസ്ഡികെയും സാൻഡ്ബോക്സും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026ലാണ് ബുധനാഴ്ച ഇവ പുറത്തിറക്കിയത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് സ്വന്തം ആപ്പിനുള്ളിൽ തന്നെ ആധാർ മുഖപരിചയ പരിശോധന ഉൾപ്പെടുത്താനും പരീക്ഷിക്കാനും വിന്യസിക്കാനും ഇതിലൂടെ കഴിയും. റിസർവ് ബാങ്ക് നിർദേശിച്ച മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ നടപ്പാക്കാനും ഇത് സഹായിക്കും.
ഇനി ആപ്പ് മാറേണ്ട ആവശ്യം കുറയും
ആധാറിന്റെ മുഖപരിചയ പരിശോധന സംവിധാനം നേരിട്ട് ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഉൾപ്പെടുത്താനാണ് പുതിയ എസ്ഡികെ സഹായിക്കുന്നത്. ഇതുവരെ പരിശോധനയ്ക്കിടെ ഉപയോക്താക്കൾക്ക് മറ്റൊരു ആപ്പിലേക്ക് മാറേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ഒരൊറ്റ ആപ്പിൽ തന്നെ പരിശോധന പൂർത്തിയാക്കാം.
ബാങ്കിങ്, ഇൻഷുറൻസ്, ബ്രോക്കിങ് തുടങ്ങിയ ഒരു ആപ്പ് മാത്രം ഉപയോക്താവ് ഡൗൺലോഡ് ചെയ്താൽ മതി. അതിനുള്ളിൽ നിന്നുതന്നെ ആധാർ പരിശോധന നടത്താം. നേരത്തെ സമാന സേവനത്തിന് പശ്ചാത്തലത്തിൽ ഫേസ് ആർഡി എന്ന പ്രത്യേക ആപ്പ് ആവശ്യമായിരുന്നു. ഇതുമൂലം പുതിയ ഉപയോക്താക്കളെ സേവനത്തിലേക്ക് ഉൾപ്പെടുത്തുന്ന നടപടികൾ നീളുകയും ആധാർ ഫേസ് ആർഡി ആപ്പിനെ ആശ്രയിക്കേണ്ടിവരികയും ചെയ്തിരുന്നു. പുതിയ സംവിധാനത്തോടെ ഒന്നിലധികം ആപ്പുകളുടെ ആവശ്യം കുറയും.
സുരക്ഷയ്ക്ക് എഐയും ആന്റി സ്പൂഫിങ് സംവിധാനവും
തയ്യാറായി ഉപയോഗിക്കാവുന്ന എസ്ഡികെ ആയതിനാൽ വിവിധ സ്ഥാപനങ്ങൾക്ക് സംവിധാനം സ്വന്തം ആപ്പുകളിലേക്ക് ചേർക്കുന്നത് എളുപ്പമാകും. എഐ, മെഷീൻ ലേണിങ് അടിസ്ഥാനത്തിലുള്ള ലൈവ്നസ് പരിശോധനയും വ്യാജ മുഖം ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്ന ആന്റി സ്പൂഫിങ് സംവിധാനവും ഇതിലുണ്ട്.
ഓതന്റിക്കേഷൻ വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും എൻക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവുമുണ്ട്. സാധാരണ ഉപഭോക്തൃ സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തത്. സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും മറ്റ് സംഘടനകൾക്കും മുഖപരിചയ പരിശോധന അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി നൽകാനാകുമെന്നാണ് യുഐഡിഎഐയുടെ പ്രതീക്ഷ.
പരീക്ഷിക്കാൻ പ്രത്യേക സാൻഡ്ബോക്സ്
എസ്ഡികെയ്ക്കൊപ്പം ആധാർ ഫേസ് ഓതന്റിക്കേഷൻ സാൻഡ്ബോക്സും യുഐഡിഎഐ പുറത്തിറക്കി. യഥാർഥ സേവനത്തിലേക്ക് കടക്കുന്നതിന് മുമ്പ് മുഴുവൻ മുഖപരിചയ പരിശോധന നടപടികളും സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തിൽ സ്ഥാപനങ്ങൾക്ക് ചേർത്തുനോക്കാനും പരീക്ഷിക്കാനും പരിശോധിക്കാനുമാണ് ഇത് സഹായിക്കുന്നത്.
ഉപയോക്താവിനെ സംവിധാനത്തിൽ ചേർക്കൽ, സമ്മതം നേടൽ, മുഖചിത്രം പകർത്തൽ, ലൈവ്നസ് പരിശോധന, ഓതന്റിക്കേഷൻ, പിശക് കൈകാര്യം ചെയ്യൽ, മറുപടി ശരിയാണോയെന്ന് പരിശോധിക്കൽ തുടങ്ങിയ ഘട്ടങ്ങൾ ഡെവലപ്പർമാർക്കും ഗുണനിലവാര പരിശോധനാ സംഘങ്ങൾക്കും പരീക്ഷിക്കാം. ഇതിനായി പുറം ബയോമെട്രിക് ഉപകരണങ്ങൾ ആവശ്യമില്ല. തെറ്റായ ഡിജിറ്റൽ ഒപ്പുകൾ, നെറ്റ്വർക്ക് തടസം, സമയം കഴിഞ്ഞുള്ള പരാജയം, വ്യാജ മുഖം ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടങ്ങിയ പരാജയ സാഹചര്യങ്ങളും പരിശോധിക്കാം.
ഫിൻടെക്, ബാങ്കിങ് മേഖലകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന സൗകര്യമാണ് എസ്ഡികെയും സാൻഡ്ബോക്സും പുറത്തിറക്കിയതോടെ ലഭിച്ചതെന്ന് യുഐഡിഎഐ അറിയിച്ചു. ബാങ്കിന്റെയോ ഫിൻടെക് സ്ഥാപനത്തിന്റെയോ മൊബൈൽ ആപ്പിൽ നിന്നുതന്നെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഉപയോക്തൃ രജിസ്ട്രേഷൻ നടത്താൻ ഇതിലൂടെ സാധിക്കും.
500 കോടി ഇടപാടുകൾ പിന്നിട്ട മുഖപരിചയ സംവിധാനം
ഇന്ത്യയിൽ തന്നെ വികസിപ്പിച്ച എഐ, മെഷീൻ ലേണിങ് അടിസ്ഥാനത്തിലുള്ള യുഐഡിഎഐ മുഖപരിചയ പരിശോധന സംവിധാനം 2021ലാണ് ആരംഭിച്ചത്. ഇതുവരെ 500 കോടിയിലധികം ഇടപാടുകൾ സംവിധാനം കൈകാര്യം ചെയ്തു. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും, സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ടെലികോം ഓപ്പറേറ്റർമാർ, ബ്രോക്കറേജ് സ്ഥാപനങ്ങൾ, സർട്ടിഫൈയിങ് അതോറിറ്റികൾ എന്നിവ ഉൾപ്പെടെ ഏകദേശം 200 സ്ഥാപനങ്ങൾ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.
പൊതുഭരണത്തിലെ മികവിനുള്ള 2023ലെ പ്രധാനമന്ത്രിയുടെ പുരസ്കാരം ഇന്നൊവേഷൻ വിഭാഗത്തിൽ ഈ സാങ്കേതികവിദ്യയ്ക്ക് ലഭിച്ചിരുന്നു.
പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാണം സമർപ്പിക്കുന്നത്, ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളെ ചേർക്കുന്നത്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികൾ, ആധാർ അധിഷ്ഠിത പണമിടപാടുകൾ, ഇ-കെവൈസി വഴി സിം സജീവമാക്കൽ എന്നിവയിൽ മുഖപരിചയ പരിശോധന വ്യാപകമായി ഉപയോഗിക്കുന്നു. പി.എം. ഇ-ഡ്രൈവ്, പി.എം. ആവാസ് യോജന, പി.എം. കിസാൻ തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്തൃ പരിശോധനയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
ധനകാര്യ സ്ഥാപനങ്ങൾക്ക് ഓൺബോർഡിങ് മാർഗരേഖയും
ധനകാര്യ, ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ സ്ഥാപനങ്ങൾക്ക് യുഐഡിഎഐ ഓതന്റിക്കേഷൻ സംവിധാനത്തിലേക്ക് എളുപ്പത്തിൽ ചേരാൻ സഹായിക്കുന്ന “പ്ലേബുക്ക് ഓൺ ഈസ് ഓഫ് ഓൺബോർഡിങ്” എന്ന മാർഗരേഖയും പുറത്തിറക്കി. ഉപഭോക്താക്കൾ, ജീവനക്കാർ, മറ്റ് ബിസിനസ് പങ്കാളികൾ എന്നിവരുടെ തിരിച്ചറിയൽ പരിശോധിക്കുന്നതിനായി യുഐഡിഎഐ സംവിധാനത്തിൽ എങ്ങനെ ചേരാം എന്നതിന് ഈ മാർഗരേഖ വഴികാട്ടിയാകും.
.