ഗുവാഹത്തി / 2026 /സെപ്റ്റംബർ 07
ഗുവാഹത്തി സർവകലാശാലയിൽ 110 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന് തറക്കല്ലിട്ടു. പുതിയ മൾട്ടി ഡിസിപ്ലിനറി അക്കാദമിക് കെട്ടിടം, ആൺകുട്ടികൾക്കും വിദേശ വിദ്യാർഥികൾക്കുമുള്ള പുതിയ ഹോസ്റ്റൽ, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗം. സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഭൂപൻ ഹസാരികയെക്കുറിച്ചുള്ള പുസ്തകവും ചന്ദ്രകാന്ത അഭിധാന്റെ പരിഷ്കരിച്ച പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. അസമിന്റെ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ, തൊഴിൽ മേഖലകളിലെ മുന്നേറ്റത്തെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ സർവകലാശാല
1948 ജനുവരി 26ന് സ്ഥാപിതമായ ഗുവാഹത്തി സർവകലാശാലയുടെ ചരിത്രപ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഭാരതരത്ന ഗോപിനാഥ് ബോർഡോലോയ് ഉൾപ്പെടെയുള്ള പ്രമുഖർ നയിച്ച നീണ്ട ജനകീയ പ്രസ്ഥാനത്തിന്റെ ഫലമായാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ സർവകലാശാല നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഈ സർവകലാശാല മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു. നാക് എ പ്ലസ് അംഗീകാരവും 2025ലെ എൻഐആർഎഫ് പട്ടികയിൽ സംസ്ഥാന പൊതു സർവകലാശാലകളിൽ ഒമ്പതാം സ്ഥാനവും സർവകലാശാലയ്ക്കുണ്ട്.
അസമീസ്-തമിഴ് സാഹിത്യ കൈമാറ്റത്തിന് അഭിനന്ദനം
ഇന്ത്യയുടെ ഭാഷാപൈതൃകം സംരക്ഷിക്കാൻ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഒരു നാഗരികതയുടെ ഓർമയും അറിവും സ്വത്വവും ഭാഷയിൽ അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അസമീസ്, തമിഴ് സാഹിത്യകൃതികൾ പരസ്പരം വിവർത്തനം ചെയ്യുന്നതിനെ സ്വാഗതം ചെയ്ത അദ്ദേഹം അസമും തമിഴ്നാടും തമ്മിലുള്ള അക്കാദമിക, സാഹിത്യ കൈമാറ്റങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക ഐക്യം രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെ കൂടുതൽ സമ്പന്നമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുത്ര നദീതടം, വംശനാശഭീഷണി നേരിടുന്ന ഭാഷകൾ, ബഹുഭാഷാ പഠനം, വനിതാ പഠനം, പരിസ്ഥിതി സുസ്ഥിരത, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയിൽ സർവകലാശാല നടത്തുന്ന ഗവേഷണങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബ്രഹ്മപുത്ര പാരിസ്ഥിതികവും സാമ്പത്തികവും നാഗരികവുമായ വലിയ ശക്തിയാണെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, പ്രാദേശികവും ദേശീയവുമായ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ വർധിച്ചതായി ഉപരാഷ്ട്രപതി
2014ന് ശേഷം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല വലിയ തോതിൽ വികസിച്ചതായി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിദ്യാഭ്യാസ അവസരങ്ങൾ വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഐടികൾ, കേന്ദ്ര സർവകലാശാലകൾ, എയിംസുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ത്രീകളുടെ പ്രവേശനം 42.2 ശതമാനം വർധിച്ചതായും ഉപരാഷ്ട്രപതി പറഞ്ഞു. 2014-15ൽ 1.57 കോടിയായിരുന്ന വനിതാ പ്രവേശനം 2023-24ൽ 2.24 കോടിയായി ഉയർന്നു. വിദ്യാഭ്യാസരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും വർധിക്കുന്നത് സ്ത്രീശാക്തീകരണത്തിന്റെ പ്രധാന സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അസമിന്റെ വികസന മുന്നേറ്റത്തിന് പ്രശംസ
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ അസം കൈവരിച്ച വികസനത്തെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യം, ഗതാഗത ബന്ധം, വിദ്യാഭ്യാസം, നിക്ഷേപം, തൊഴിൽ എന്നീ മേഖലകളിലെ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പ്രകടനം മെച്ചപ്പെട്ടതായും ഐഐഎം ഗുവാഹത്തിയിൽ ആദ്യ എംബിഎ ബാച്ച് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 2021 മുതൽ 1.64 ലക്ഷത്തിലധികം സർക്കാർ നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർഥികളും ഗവേഷകരും സംഭാവന നൽകണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. വലിയ സ്വപ്നങ്ങൾ കാണണം. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങൾ നടത്തണം. സാങ്കേതികവിദ്യ മനുഷ്യരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും നൂതനാശയങ്ങളെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുള്ള മാർഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ സന്ദേശം ഉദ്ധരിച്ച അദ്ദേഹം ലക്ഷ്യം നേടുന്നതുവരെ മുന്നോട്ടുപോകാൻ യുവാക്കളോട് ആഹ്വാനം ചെയ്തു.
പുസ്തക പ്രകാശനവും ലഹരിവിരുദ്ധ പ്രതിജ്ഞയും
ചടങ്ങിൽ അങ്കുരൺ ദത്തയും നാനി ഗോപാൽ മഹന്തയും എഡിറ്റ് ചെയ്ത ‘ഭൂപൻ ഹസാരിക: ഹൺഡ്രഡ് ഇയേഴ്സ് ഓഫ് എ വാണ്ടറിങ് സോങ്സ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ‘ചന്ദ്രകാന്ത അഭിധാൻ’ എന്ന നിഘണ്ടുവിന്റെ പരിഷ്കരിച്ച് വിപുലീകരിച്ച അഞ്ചാം പതിപ്പും അദ്ദേഹം പുറത്തിറക്കി.
ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥികൾ അവതരിപ്പിച്ച അസമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടിയും ഉപരാഷ്ട്രപതി കണ്ടു. വിദ്യാർഥികളെയും മറ്റ് പങ്കാളികളെയും പങ്കെടുപ്പിച്ച് അദ്ദേഹം ‘ലഹരിയോട് ഇല്ല’ എന്ന പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി. ലഹരിവസ്തുക്കളിൽ നിന്ന് അകന്നുനിൽക്കാനും സ്വയം അച്ചടക്കം പാലിക്കാനും സമയം വിവേകത്തോടെ ഉപയോഗിക്കാനും സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കാനും യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു, ചീഫ് സെക്രട്ടറി രവി കോട്ട, ഗുവാഹത്തി സർവകലാശാല വൈസ് ചാൻസലർ നാനി ഗോപാൽ മഹന്ത, രജിസ്ട്രാർ പ്രൊഫസർ ഉത്പൽ ശർമ, അധ്യാപകർ, വിദ്യാർഥികൾ, മറ്റ് പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
.