ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അടുത്തുവരുന്തോറും താരങ്ങളുടെ മാനസികസമ്മർദ്ദം വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. കോവിഡ് ഭീതിയാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സീനിയർ താരമായ ഹർഭജൻ സിംഗ് പോലും മത്സരത്തിൽ പങ്കെടുക്കുമോ എന്ന കാര്യം സംശയത്തിലാണ്. രണ്ടാഴ്ച കഴിഞ്ഞ് യുഎഇയിലേക്ക് തിരിക്കും എന്നാണ് വ്യക്തമാക്കിയതെങ്കിലും അദ്ദേഹം പിന്മാറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചെന്നൈ ടീമിൽ തന്നെയുള്ള ഓസീസ് പേസ് ബൗളർ ജോഷ് ഹേസൽവുഡും ആശങ്ക പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ടീമിലെ കോവിഡ് ബാധ ആശങ്കയുണ്ടാക്കുന്നതാണെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷനുമായി ആലോചിച്ചു മാത്രമേ യുഎഇയിലേക്ക് പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് . ചെന്നൈ സൂപ്പർ കിംഗ്സിലെ കോവിഡ് ബാധ മറ്റു ക്ലബ്ബുകളെയും , ബി സി സി ഐ യെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

