തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന അഭിപ്രായം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രനെതിരെ സെക്രട്ടറിയേറ്റിലെ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ചതിനടക്കം കണ്ടോൺമെൻറ് പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തെ തുടർന്നായിരുന്നു കേസ്. പൊതു പ്രവർത്തകരായ 50 പേരെയും പ്രതി ആക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു കെ .സുരേന്ദ്രന്റെ പ്രതികരണം.
സെക്രട്ടറിയേറ്റ് ഭരണാധികാരികളുടേയോ ഉദ്യോഗസ്ഥരുടേയോ തറവാട്ട് സ്വത്തോ സ്ത്രീധനം കിട്ടിയതോ അല്ല. അവിടെ പൊതുജനങ്ങളോ പൊതുപ്രവർത്തകരോ പ്രവേശിക്കുന്നത് കുറ്റകരവുമല്ല. സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീപിടിക്കുന്നു എന്ന വിവരം അറിയുമ്പോൾ പൊതുപ്രവർത്തകർ സ്വാഭാവികമായി ഓടിയെത്തും. അതിന്റെ പേരിൽ കേസെടുക്കുവാൻ ഇവിടെ ചൈനയിലെ ഇരുമ്പു മതിൽ ഒന്നുമില്ല- കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.



