തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ അസാധാരണ സാഹചര്യം. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോളാണ് തീപിടുത്തമുണ്ടായത്. പ്രോട്ടോകോൾ ഓഫീസറുടെയും ജോയിൻറ് പ്രോട്ടോകോൾ ഓഫീസറുടെയും ഓഫീസിലെ ഒരു ഭാഗമാണ് തീപിടിച്ചത്. കമ്പ്യൂട്ടർ കേബിളിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം അട്ടിമറി ആണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ തീപിടുത്തം ഉണ്ടായ ഉടനെ തന്നെ സെക്രട്ടറിയേറ്റില് എത്തി. അവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ ഗേറ്റ് വരെ എത്തി. പോലീസ് അവരെ ഉള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. സെക്രട്ടറിയേറ്റ് കോമ്പൗണ്ടിൽ ബിജെപി നേതാക്കൾ നിൽക്കുന്നത് കണ്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മീറ്റിംഗ് നടക്കുന്ന ഹാളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. ബിജെപി നേതാക്കളെ പോലീസ് പുറത്താക്കിയതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോട് സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നും പുറത്തു പോകാൻ ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു. എന്നാൽ മാധ്യമ പ്രവർത്തകർ വഴങ്ങിയില്ല. ഒടുവിൽ സംഭവം സംബന്ധിച്ച് ചീഫ് സെക്രട്ടറി മാധ്യമപ്രവർത്തകർക്ക് മുമ്പിൽ വിശദീകരണം നടത്തി. ‘ഒരു മീറ്റിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോളാണ് തീപിടുത്ത വിവരം ലഭിക്കുന്നത്. അതിനിടയിൽ രാഷ്ട്രീയപ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നുവെന്ന് മനസ്സിലാക്കി. അത് അനുവദിക്കാൻ കഴിയുകയില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യണം. അതിന് അനുവദിക്കണം. ഞങ്ങൾക്ക് രാഷ്ട്രീയമില്ല നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യും. തീപിടുത്തം നിയന്ത്രണവിധേയമാണ്. നേരിട്ട് പോയി മനസ്സിലാക്കുവാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടനെ അത് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾക്കു ശേഷം മാധ്യമങ്ങളെ കാണില്ല. പക്ഷേ നിങ്ങളെ വിവരങ്ങൾ അറിയിക്കും’ – ഇത്രയും കാര്യങ്ങളാണ് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവം അട്ടിമറിയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.എൻഐഎയുടെ അന്വേഷണത്തിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ ആവശ്യപ്പെട്ടിരിക്കവെയാണ് അവിടെ തീപിടുത്തം ഉണ്ടായിരിക്കുന്നത്. അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ ഈ രേഖകൾ കൊച്ചിയിലെ ആസ്ഥാനത്ത് കൈമാറിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ 2016 മുതലുള്ള ഫയലുകൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഇവ നൽകിയിരുന്നില്ല. അവ ശേഖരിച്ചു വരുന്നതിനിടെയാണ് തീപിടുത്തം സംഭവിച്ചിരിക്കുന്നത്. സുപ്രധാനമായ ഫയലുകൾ ഇരിക്കുന്ന ഭാഗത്ത് തീപടർന്നിട്ടില്ല എന്ന വിവരമുണ്ട്.
ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും സഞ്ചാരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഫയലുകൾ ഈ വിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ അതിഥികളെ കുറിച്ചുള്ള വിവരങ്ങള് അടങ്ങിയ ഫയൽ ഇവിടെയാണ് സൂക്ഷിക്കുന്നത്.
പ്രോട്ടോകോൾ ഓഫീസിൽ ചൊവ്വാഴ്ച രണ്ടുപേർ മാത്രമാണ് ജോലിക്ക് ഉണ്ടായിരുന്നത്. മറ്റുള്ളവർ കൊറോണ നിരീക്ഷണത്തിൽ ആയതിനാൽ ഹാജരായിരുന്നില്ല.
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ടവർ സെക്രട്ടറിയേറ്റ് സന്ദർശിച്ചിരുന്നുവോ എന്ന് മനസ്സിലാക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഉള്ള ശ്രമത്തിനു തുടക്കത്തിൽ ഇടിമിന്നലേറ്റ് ദൃശ്യങ്ങൾ നഷ്ടമായി എന്ന് ആദ്യം വിശദീകരിക്കപ്പെട്ടിരുന്നു. മിന്നലേറ്റ് ഫ്യൂസ് കത്തി പോവുക മാത്രമാണുണ്ടായത്. ദൃശ്യങ്ങൾ നശിച്ചിട്ടില്ല എന്ന് പിന്നീട് ചീഫ് സെക്രട്ടറി വെളിപ്പെടുത്തുകയുണ്ടായി. എൻഐഎ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം ഉണ്ടായ സംഭവം കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസന്വേഷണത്തിന് തെളിവുകൾ നശിപ്പിക്കാൻ സെക്രട്ടറിയേറ്റിൽ ആരൊക്കെയോ ശ്രമിക്കുന്നു എന്ന സംശയമാണ് ഉയരുന്നത്.

