എറണാകുളം: ബി. എസ്. സി. ആര്‍ക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും. കങ്ങരപ്പടിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിലേക്കാണ് റാങ്കിന്റെ തിളക്കമെത്തിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജ് ഫോര്‍ വിമനിലെ വിദ്യാര്‍ഥിനിയാണ് പായല്‍.
ഇന്ത്യന്‍ ഭരണഘടന, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്നീ പുസ്തകങ്ങള്‍ സബ് കളക്ടര്‍ പായലിനു നല്‍കി. സിവില്‍ സര്‍വ്വീസാണ് തന്റെ ലക്ഷ്യമെന്നു പായല്‍. പിജിക്കു ശേഷം സിവില്‍ സര്‍വ്വീസ് പരിശീലനത്തിനു പോകാനാണ് താല്‍പര്യം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കേരളത്തിലെന്ന് പായല്‍ പറയുന്നു. തന്റെ പ്രയത്നത്തോടൊപ്പം ഇവിടുത്തെ മികച്ച പഠന സാഹചര്യവുമാണ് തന്നെ റാങ്കിലേക്ക് നയിച്ചത്. തുടര്‍ പഠനത്തിനും സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നല്‍കാമെന്ന് സബ് കളക്ടര്‍ ഉറപ്പുനല്‍കി.
തൊഴില്‍ തേടി 1997 ലാണ് പ്രമോദ് കേരളത്തിലെത്തുന്നത്. പിന്നീട് 2001 ല്‍ കുടുംബത്തെയും കൂടെ കൂട്ടി. അപ്പോള്‍ നാലു വയസായിരുന്നു പായലിന്. ഏഴു വര്‍ഷമായി കങ്ങരപ്പടിയിലെ വാടക വീട്ടിലാണിവര്‍ താമസിക്കുന്നത്. പായലിന്റെ അനുജത്തി പല്ലവി തൃക്കാക്കര ഭാരത് മാതാ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ. സഹോദരന്‍ ആകാശ് കുമാര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ബിന്ദു ദേവിയാണ് അമ്മ. ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. മനോജും സംഘത്തിലുണ്ടായിരുന്നു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7353/-First-rank-for-guest-worker’s-daughter.html