തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഒരൊറ്റ ദിവസം കൊണ്ട് വൈറലായി മാറിയ തന്റെ പഴയ വീഡിയോയെ കുറിച്ച് വിശദീകരണവുമായി ഒടുവിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ രംഗത്തെത്തി . ഇത്തരം സന്ദർഭങ്ങളിൽ തന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത് എന്നാണ് ചുള്ളിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രണ്ടു കൊല്ലം മുൻപ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് താൻ പറഞ്ഞ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പകർച്ചവ്യാധിയായതായി അറിയാൻ കഴിഞ്ഞത്. തനിക്കുള്ള ശകാരവും തെറിയും തനിക്കു വിട്ടേക്കൂ. അത് നിങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറയുന്നു. ശരാശരി മലയാളികളുടെ കൃമികടി കുട്ടിക്കാലം മുതലേ തനിക്കറിയാമെന്നും അത് തനിക്കു വിട്ടേക്കൂ എന്നും അതിന്റെ പേരിൽ നിങ്ങളുടെ മേൽ ചെളി തെറിക്കരുത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് കുറിക്കുന്നു.
രണ്ട് വർഷം മുൻപ് മാതൃഭൂമി സാഹിത്യോൽസവത്തിനിടെ നടന്ന ഒരു പൊതു പരിപാടിയിൽ സിനിമ വിട്ട് കവിതയിലേക്ക് തിരികെ വരൂ എന്ന ഒരാളുടെ ആവശ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് ‘സൗകര്യമില്ല, എന്റെ ജീവിതമാണ് ഞാൻ ജീവിച്ചു തീർക്കുന്നത് ‘ എന്ന് ക്ഷുഭിതനായി പറയുന്നതാണ് വീഡിയോ .
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിന്റെ പൂർണ രൂപം താഴെ –
സുഹൃത്തുക്കളേ,
രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് താൻ പറഞ്ഞ മറുപടി സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.
സ്നേഹപൂർവ്വം
ബാലൻ.
ചുളളിക്കാടിന്റെ പ്രതികരണം കടുത്തു പോയെന്നും അല്ല അതാണ് ശരിയായ പ്രതികരണമെന്നുമെല്ലാമുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇന്നലെയും ഇന്നുമായി സജീവമാണ്. അതിനിടെയാണ് കവി തന്നെ പ്രതികരണവുമായി രംഗത്തു വന്നത്.