ന്യൂഡൽഹി, 2026 ജൂൺ 25
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ജൂൺ ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയേഴു വരെ ബ്രിട്ടൻ സന്ദർശിക്കും. ഇന്ത്യ-ബ്രിട്ടൻ സമഗ്ര സാമ്പത്തിക-വ്യാപാര കരാറും ഇരട്ട വിഹിത കരാറും ജൂലൈ പതിനഞ്ചിന് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് ഈ ഔദ്യോഗിക സന്ദർശനം. സന്ദർശനത്തിനിടെ ബ്രിട്ടനിലെ വ്യാപാര-വാണിജ്യ മന്ത്രിയുമായി ഉന്നതതല ഉഭയകക്ഷി ചർച്ചയും നടക്കും.
കരാറുകൾ സുഗമമായി നടപ്പാക്കുന്നതിനുള്ള നടപടികളാണ് പ്രധാനമായും ചർച്ച ചെയ്യുക. നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കൽ, അതിർത്തി കടന്നുള്ള കസ്റ്റംസ് നടപടികൾ ലളിതമാക്കൽ, ഭരണപരമായ സംവിധാനങ്ങൾ അന്തിമമാക്കൽ എന്നിവയും ചർച്ചയിലുണ്ടാകും. സേവനമേഖലയിലെ വിപണി പ്രവേശനം, നിക്ഷേപ സഹകരണം, താൽക്കാലിക തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ വിഹിതവുമായി ബന്ധപ്പെട്ട നടപടികൾ എന്നിവയും വിലയിരുത്തും. കൂടാതെ വ്യവസായ പ്രമുഖർ, നിക്ഷേപകർ, ആഗോള കമ്പനികളുടെ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
ആഗോള വ്യവസായ വേദിയിൽ മന്ത്രി പ്രസംഗിക്കുകയും വിവിധ നിക്ഷേപ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ഇന്ത്യയുടെ വ്യവസായ മത്സരശേഷി, നിക്ഷേപ സാധ്യതകൾ, ആഗോള വിതരണ ശൃംഖലയുമായുള്ള ബന്ധം എന്നിവയും ചർച്ചയാകും. ഇന്ത്യ-ബ്രിട്ടൻ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം രണ്ടായിരത്തി മുപ്പതോടെ നൂറ്റിയിരുപത് ബില്യൺ ഡോളറിലെത്തിക്കാനുള്ള ലക്ഷ്യത്തിന് ഈ സന്ദർശനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.