ന്യൂഡൽഹി, 2026 ജൂൺ 21 –
അന്താരാഷ്ട്ര യോഗദിനത്തിന്റെ പന്ത്രണ്ടാം പതിപ്പ് എൻസിസി രാജ്യത്തുടനീളം ആവേശത്തോടെയും ദേശസ്നേഹബോധത്തോടെയും ആചരിച്ചു. രാജ്യത്തെ അയ്യായിരത്തിലധികം കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഒരുമിച്ചുള്ള യോഗപരിശീലനങ്ങളിൽ എട്ടര ലക്ഷത്തിലധികം എൻസിസി കേഡറ്റുകളും അനുബന്ധ എൻസിസി ഓഫീസർമാരും സ്ഥിരം പരിശീലകരും ജീവനക്കാരും പങ്കെടുത്തു. ജൂൺ 21-നാണ് പരിപാടികൾ നടന്നത്.
ശാരീരികക്ഷമത, മാനസികാരോഗ്യം, യുവജനങ്ങളുടെ സമഗ്രവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗപരിശീലനങ്ങൾ സംഘടിപ്പിച്ചത്. അഹമ്മദാബാദിലെ സബർമതി നദീതീരം, ഹൈദരാബാദിലെ ഗോള്കൊണ്ട കോട്ട, ബിഹാറിലെ ബോധ്ഗയ, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദീതീരം, വാരാണസിയിലെ നമോ ഘട്ട്, കൊൽക്കത്തയിലെ മില്ലേനിയം പാർക്ക്, ചണ്ഡീഗഡിലെ സുഖ്ന തടാകം, ചെന്നൈയിലെ മറീന ബീച്ച്, ഒഡീഷയിലെ കോണാർക്ക് സൂര്യക്ഷേത്രം എന്നിവ ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലായിരുന്നു പരിപാടികൾ.
അച്ചടക്കമുള്ളതും ആത്മവിശ്വാസമുള്ളതും സാമൂഹിക ഉത്തരവാദിത്വമുള്ളതുമായ പൗരന്മാരെ വളർത്തുന്നതിൽ എൻസിസി പ്രധാന പങ്ക് വഹിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ ശാരീരികക്ഷമത, സ്വയം അച്ചടക്കം, കൂട്ടായ ക്ഷേമം എന്നീ മൂല്യങ്ങൾ യുവജനങ്ങളിൽ വളർത്തിയെടുക്കുകയാണ് എൻസിസിയുടെ ലക്ഷ്യം.