പ്രധാന വിവരങ്ങൾ
- • പകർച്ചവ്യാധി പ്രതിരോധത്തിന് നാല് സമിതികൾ രൂപീകരിച്ചു.
- • രോഗവ്യാപനം മുൻകൂട്ടി കണ്ടെത്തുക പ്രധാന ലക്ഷ്യം.
- • മരുന്ന് ലഭ്യതയും സംഭരണവും ഉറപ്പാക്കും.
- • ഷിഗെല്ല രോഗബാധയിൽ വർധന രേഖപ്പെടുത്തി.
- • നിലവിലെ സാഹചര്യം അസാധാരണമെന്ന് ആരോഗ്യവകുപ്പ്

News Portal

തിരുവനന്തപുരം, 2026 ജൂൺ 19 –
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ നാല് സമിതികൾ രൂപീകരിച്ചു. രോഗവ്യാപന സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുക, ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തുക, മരുന്നുകളുടെ ലഭ്യതയും സംഭരണവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി.
ആരോഗ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര സമിതി, ഡോ. എസ്.എസ്. ലാൽ അധ്യക്ഷനായ വിദഗ്ധ ഉപദേശ സമിതി, ജില്ലാ കളക്ടർമാർ അധ്യക്ഷരായ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റികൾ, ആശുപത്രി സൂപ്രണ്ടുമാർ അധ്യക്ഷരായ സ്ഥാപനതല സ്റ്റിയറിങ് കമ്മിറ്റികൾ എന്നിവയാണ് രൂപീകരിച്ചത്. വാർഷിക പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കൽ, ക്വാറന്റീൻ പ്രോട്ടോക്കോൾ പുതുക്കൽ, രോഗവ്യാപന നിരീക്ഷണം, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ ചുമതലകൾ സമിതികൾക്ക് നൽകിയിട്ടുണ്ട്.
മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഷിഗെല്ല രോഗബാധയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രോഗബാധിതരുടെ എണ്ണം ഉയർന്ന നിലയിലാണ്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യമുണ്ടെന്നും നിലവിലെ സാഹചര്യം അസാധാരണമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.